കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ നിയമനടപടികളിലേക്കു ലീഗ് നീങ്ങുന്നതായി അറിയില്ലെന്ന് മന്ത്രി എം.കെ.മുനീര്‍. ഇതു സംബന്ധിച്ച വാര്‍ത്തയോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.

സെക്രട്ടറിയേറ്റ് യോഗത്തിലെ അജന്‍ഡ പലപ്പോഴും അവസാന നിമിഷമാണ് തീരുമാനിക്കുക. ഇത് എല്ലാവരും അറിഞ്ഞുകൊള്ളണമെന്നില്ല. പ്രസിഡന്റിന്റെ താല്‍പര്യപ്രകാരം അജന്‍ഡയില്‍ ഇല്ലാത്ത വിഷയങ്ങളും ചിലപ്പോള്‍ ചര്‍ച്ചയ്ക്ക് വരാമെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു മുന്‍ വിലയിരുത്തലിനു താനില്ലെന്നും മുനീര്‍ വ്യക്തമാക്കി.

മലപ്പുറത്ത് വൈകിട്ട് നാലിന് ചേരുന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐസ്‌ക്രീം കേസിലെ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ നിരന്തരം പുറത്തു വരുന്ന സാഹചര്യത്തില്‍ ആരോപണങ്ങള്‍ നിയമപരമായും സംഘടനാപരമായും നേരിടാന്‍ ലീഗ് ഒരുങ്ങുന്നതായിട്ടായിരുന്നു വാര്‍ത്ത. നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കാനും സംഘടനാപരമായി നേരിടാന്‍ പാര്‍ട്ടി തലത്തില്‍ മൂന്നംഗ സമിതി രൂപീകരിക്കാനുമാണ് തീരുമാനമെന്നാണ് അറിഞ്ഞിരുന്നത്.

ഇന്ന് വൈകീട്ട് മലപ്പുറത്ത് ചേരുന്ന അടിയന്തര ലീഗ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ലീഗിന്റെ നീക്കം അറിയുമെന്നാണ് കരുതപ്പെടുന്നത്.