റിയാദ് : കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൈബര്‍ വിങ് നിര്‍മ്മിച്ച ‘മുന്നറിയിപ്പ് ‘എന്ന പ്രവാസി ഹൃസ്വ ചിത്രം വൈറലാകുന്നു. ‘നിയമ ലംഘകരില്ലാതെ രാജ്യം’ദേശീയ കാമ്പയിന്റെ ഭാഗമായി സൗദി അറേബ്യാ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നുള്ള സന്ദേശമാണ് ഈ പത്ത് മിനിറ്റ് ചിത്രത്തിലുള്ളത്.

വര്‍ഷങ്ങളില്‍ നിയമ കുരുക്കില്‍ പെട്ട് തിരിച്ചു മടങ്ങാന്‍ കഴിയാതെ ദുരിത ജീവിതം നയിക്കുന്ന 2 പേരുടെ പ്രവാസത്തിന്റെ നേര്‍ചിത്രമാണി ചിത്രം. ഇനിയൊരു പൊതുമാപ്പ് സൗദി അറേബ്യയില്‍ ഉണ്ടാവില്ലെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്നും ഇങ്ങനെ പോകുന്നവര്‍ക്ക് പുതിയ വിസയില്‍ യാതൊരു തടസ്സവുമില്ലാതെ തിരിച്ചെത്താമെന്ന സന്ദേശമാണ് ഈ ചിത്രം പ്രവാസികളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

പൊതു മാപ്പ് അവസാനിച്ചാല്‍ നിയമ ലംഘകര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായമാവശ്യമുള്ളവര്‍ അതിനു മുതിരണമെന്നും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം ഓര്‍മപ്പെടുത്തുന്നു. പ്രവാസി മലയാളികളായ ഒരുകൂട്ടം കലാകാരന്മാരാണ് ഹൃസ്വ ചിത്രത്തിന് പിന്നിലും മുന്നിലും.

റഫീക്ക് തിരുവിഴാം കുന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നസീബ് കലാഭവന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇര്‍ഷാദ് കായാക്കുള്‍,ഷാജി ആലപ്പുഴ എന്നിവരാണ് വേഷമിട്ടത്.ഷെഫീര്‍ മുഹമ്മദും ഷാഹുല്‍ ചെറുപ്പയുമാണ് സംവിധാന സഹായികള്‍. ഷെഫീഖ് കൂടാളി (നിര്‍മാണ മേല്‍നോട്ടം ),അനില്‍ കുമാര്‍ തമ്പുരു (ക്യാമറ ),കാനേഷ് ചന്ദ്രന്‍ (എഡിറ്റിങ്),ജോസ് കടമ്പനാട് (ശബ്ദ നിയന്ത്രണം )സുബി സജിന്‍ (ഡബ്ബിങ് ),ഷെഫീഖ് കൂടാളി (നിര്‍മ്മാണ മേല്‍നോട്ടം) എന്നിവരാണ് ഹൃസ്വ ചിത്രത്തിന് പിന്നിലുള്ള പ്രവാസികള്‍.

റിപ്പോര്‍ട് റിപ്പോര്‍ട്ട് ഷിബു ഉസ്മാന്‍, റിയാദ്