മൂന്നാര്‍: മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായിക്കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഹൈക്കോടതി നടത്തിയ പരാമര്‍ശം ഗൗരവമായാണ് കാണുന്നത്.
കൊച്ചിയില്‍ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന സര്‍ക്കാര്‍ നല്‍കും. കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍കൂടി മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തോട് വി എസ് പ്രതികരിച്ചില്ല.

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാണെന്നും ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ഇതിന് കൂട്ടു നില്‍ക്കുകയുമാണെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷിച്ചത്. കയ്യേറ്റം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Subscribe Us:

2007 ല്‍ മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം വിവാദമായിരുന്നു. വി എസ് മുന്‍കയ്യെടുത്ത നിയോഗിച്ച ദൗത്യ സംഘത്തിനെതിരെ സി പി ഐ എമ്മും സി പി ഐയും രംഗത്തു വരികയായിരുന്നു. ഇതിനിടെ വി എസ് നേരിട്ട് മൂന്നാറിലെത്തി ടാറ്റയുടെ കൈയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്തു. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കലിനെ ചൊല്ലി വിവാദം ശക്തമായതോടെ പാര്‍ട്ടി ഇടപെട്ട് വി എസിനെ പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നാറില്‍ കയ്യേറ്റം സംബന്ധിച്ച് മാധ്യമറിപ്പോര്‍ട്ടുകളും കോടതി പരാമര്‍ശവും വന്ന സാഹചര്യത്തില്‍ വീണ്ടും ശക്തമായ ഇടപെടല്‍ നടത്താനാണ് വി എസിന്റെ നീക്കമെന്നറിയുന്നു.