തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഒഴിപ്പിക്കല്‍ നടക്കുക.

മൂന്നാറില്‍ പുതിയ കയ്യേറ്റങ്ങളില്ലെന്നും മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതു പ്രദേശത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നുമുള്ള സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള പ്രാദേശിക എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ട. ആരെതിര്‍ത്താലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകും. പൊതുവായ താല്‍പര്യം മാത്രമേ കണക്കിലെടുക്കൂവെന്നും വെളിയം വ്യക്തമാക്കി.

മൂന്നാര്‍ ദൗത്യത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് എം.എം.മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.