തിരുവനന്തപുരം: മൂന്നാര്‍ ടൗണ്‍ഷിപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പദ്ധതിക്കായുള്ള ഓര്‍ഡിനന്‍സ് പുതുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നിയമോപദേശത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുതുക്കാത്തതെന്നും സൂചനയുണ്ട്.

ടാറ്റക്കെതിരായ കേസുകളെ ടൗണ്‍ഷിപ്പ് ദുര്‍ബ്ബലപ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് ടൗണ്‍ഷിപ്പ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. 1061 ഏക്കര്‍ ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് സ്ഥാപിക്കാനായിരുന്നു തീരുമാനം.

മൂന്നാര്‍ ആസ്ഥാനമാക്കി ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് ഉടനേ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.ഇതിനായി ഭൂമി ഏറ്റെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാറില്‍ സ്‌പെഷ്യല്‍ റവന്യൂ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.