Administrator
Administrator
മൂന്നാര്‍ , മൂന്നാര്‍ …
Administrator
Tuesday 9th March 2010 7:15am

കാന്താരി / പി എസ് റംഷാദ്

മൂന്നാറിന് ഒരു വയനാട് എക്‌സ്പാന്‍ഷന്‍ ഉണ്ടാക്കാനാണു സി പി ഐ എം ശ്രമിച്ചുനോക്കിയത്. അതു തിരിച്ചടിച്ചതോടെ വീണ്ടും മൂന്നാറിലായി കേരളം. എന്നുവെച്ചാല്‍ മാധ്യമങ്ങള്‍ ആവേശപൂര്‍വം ചര്‍ച്ച ചെയ്യുകയും രാഷ്ട്രീയ നേതൃത്വം അതിലും ആവേശത്തോടെ മുഴുകുകയും ചെയ്യുന്ന വിഷയമായി വീണ്ടും മൂന്നാര്‍ മാറി.
വിലക്കയറ്റവും ബസ് ചാര്‍ജ്ജ് വര്‍ധനയും മറ്റും ബുദ്ധിമുട്ടിക്കുന്ന സാധാരണ ജനത്തിന്, ഈ കടുത്ത ഉഷ്്ണകാലത്ത് സന്ധ്യക്കൊരു കുളി കഴിഞ്ഞ് സിനിമയോ സീര്യലോ പോലെ കാണാന്‍ താല്‍പര്യമുള്ള ഒന്ന്. കിരണില്‍ സിനിമ, സൂര്യയിലും ഏഷ്യാനെറ്റിലും സീര്യല്‍, ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും മനോരമാ ന്യൂസിലും മൂന്നാര്‍ ചര്‍ച്ച എന്ന മട്ടിലാണു റിമോട്ടിലെ ഗതി മാറ്റം. പക്ഷേ അവരുടെ ഭാഗധേയം നിര്‍ണയിക്കുന്നവര്‍ ചര്‍ച്ചയോടു ചര്‍ച്ചയാണ്. മറ്റൊന്നും ശ്രദ്ധിക്കാനേ ഇല്ലെന്ന മട്ടില്‍. കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ മൂന്നാര്‍ കയ്യേറ്റം എന്ന ഏക വിഷയം കീഴടക്കുന്ന ദുരന്തം. അതുപക്ഷേ സ്ഥിരമല്ല. ആവേശമടങ്ങും. മൂന്നാര്‍ വീണ്ടും പഴയതു പോലെയാകും. ഇതൊരു കപട ആവേശമാണ്, കള്ളത്തരം.

യു ഡി എഫ് ഒന്നിച്ച് എം പി വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയാംസ് കുമാറിന്റെയും കൂടെയുറച്ചു നിന്നതോടെയാണു വയനാട് പ്രശ്‌നം ഭരണ പ്രതിപക്ഷ പ്രശ്‌നമായതും സി പി ഐ എം തല്‍കാലം വിട്ടതും. ആര്‍ എസ് പിയെപ്പോലെ, ഒന്നര വര്‍ഷം കഴിഞ്ഞുള്ള ഭരണമില്ലാക്കാലത്തെക്കുറിച്ചു കാലേക്കൂട്ടി ഉത്കണ്ഠപ്പെട്ടു തുടങ്ങിയ എല്‍ ഡി എഫ് ഘടക കക്ഷികള്‍ ചിലതും വയനാട് എപ്പിസോഡിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ടു. നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ ഒന്നാം ദിനം മൂന്നാര്‍ ചര്‍ച്ചയാക്കി മാറ്റി അതിന്റെ അടിയന്തര സ്വഭാവം സര്‍ക്കാര്‍ അംഗീകരിച്ചതോടെ മൂന്നാറല്ലാതെ പിന്നെന്ത് എന്നു പ്രതിപക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും സംഘവും രണ്ടാമതൊരു മൂന്നാര്‍ സന്ദര്‍ശനം കൂടി നടത്തിയത്. അവിടെ കൃത്യവും വ്യക്തവുമായ ഒരു പ്രഖ്യാപനവും നടത്തി ഉമ്മന്‍ ചാണ്ടി: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കും.

ഉമ്മന്‍ചാണ്ടി അങ്ങനെയങ്ങുറപ്പിച്ചു പറഞ്ഞതോടെ രണ്ടാണു സംശയങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫാകില്ല അധികാരത്തില്‍ വരികയെന്നു വല്ല സംശയവുമുണ്ടോ അതിന്റെ അമരക്കാരന്? അങ്ങനെയല്ലെങ്കില്‍ മൂന്നാറില്‍ തൊട്ടാല്‍ പൊള്ളുന്ന കയ്യേറ്റക്കാരില്ലെന്നു ബോധ്യമായോ? രണ്ടാമത്തേതിനാണു സാധ്യത. 2011 ഏപ്രിലിലോ മേയിലോ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം കേരളം ഭരിക്കുക യുഡിഎഫ് ആയിരിക്കില്ലെന്നു വിചാരിക്കുന്നവര്‍ മണ്ടന്‍മാരായിരിക്കാനാണു സാധ്യത. പക്ഷേ, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉള്‍പ്പെടെ കയ്യേറ്റക്കാരാണെന്നു സി പി ഐ എം വന്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഇത്ര കടുത്ത നിലപാട് എടുക്കാന്‍ കഴിയുക അസാധാരണമാണ്. അതുകൊണ്ടാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാകുന്നത്- തൊട്ടാല്‍ പൊള്ളുന്ന കയ്യേറ്റക്കാര്‍ മൂന്നാറില്‍ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് ബോധ്യപ്പെട്ടിരിക്കുന്നു? അതോ മറ്റുവല്ല പാക്കേജിന്റെയും ധൈര്യമോ? കാത്തിരിക്കുക തന്നെ വേണ്ടിവരും ഒന്നര വര്‍ഷം.

മൂന്നാറിന്റെ രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍ പൂര്‍ണമായി പുറത്തുവരാന്‍ ഇനിയുമെത്രകാലമെടുക്കും? അതും കണ്ടറിയേണ്ട കാര്യം തന്നെ. എന്നെങ്കിലും പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നത് അബദ്ധമാകാനാണു സാധ്യത. നക്‌സല്‍ വര്‍ഗീസിനെ തിരുനെല്ലിക്കാട്ടില്‍ വെച്ചു താനാണു വെടിവച്ചു കൊന്നതെന്നും അതിനു കല്പന തന്നവര്‍ ഇന്നയിന്ന ആളുകളാണെന്നും പറഞ്ഞ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ധൈര്യമൊന്നും പോരാ മൂന്നാര്‍ വിശേഷങ്ങള്‍ എല്ലാം അറിയുന്നവര്‍ക്ക് വെളിപ്പെടുത്താന്‍ . കാലമെത്ര കഴിഞ്ഞാലും അതു തന്നെയാകും സ്ഥിതി. കാരണം, ഒരൊറ്റ വ്യക്തിയുടെ ഉള്ളിലടക്കിപ്പിടിച്ച തേങ്ങലൊന്നുമല്ല മൂന്നാറിന്റേത്. പകരം ആര്‍ക്കൊക്കെയോ വേണ്ടി നഗ്ന സത്യങ്ങളെ മറച്ചുവെക്കുന്ന സംഘങ്ങളാണു മൂന്നാറിനെ നിയന്ത്രിക്കുന്നത്. ടാറ്റക്കു വേണ്ടി സംസാരിക്കുന്ന പ്രാദേശിക നേതാക്കളുടെ നിര രാഷ്ട്രീയ നിറഭേദമില്ലാത്തതാകുന്നത് അങ്ങനെയാണല്ലോ.

മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പാര്‍ട്ടിയെത്തന്നെയും അമ്പരപ്പിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുടങ്ങിവെച്ച ഒന്നാം മൂന്നാര്‍ ദൗത്യം പോയ വഴി ഓര്‍മയില്ലേ…? ഒടുവില്‍ അപഹാസ്യനായത് മുഖ്യമന്ത്രി തന്നെ. അതാണു മൂന്നാര്‍ കയ്യേറ്റങ്ങളുടെ രാഷ്ട്രീയ അന്തര്‍ഗതത്തിന്റെ വ്യക്തമായ സൂചകം. എന്നിട്ടും ഉമ്മന്‍ ചാണ്ടി പറയുന്നു, യു ഡി എഫ് വന്നാല്‍ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന്. അധികാരത്തില്‍ വരുമ്പോഴത്തെ കാര്യമാണ്. അധികാരം കയ്യിലുള്ള വി എസ് അത്രക്ക് ആവേശം കാണിക്കുന്നില്ല താനും. നിയസഭാ ചര്‍ച്ചക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രിയുടെ ശരീരഭാഷ മാത്രമല്ല അല്ലാത്ത ഭാഷയും അതു വ്യക്തമാക്കുന്നു.

അതാണു കേട്ടോ മൂന്നാര്‍. കൂടുതല്‍ സെന്‍സേഷണലായ മറ്റൊന്നു വരും വരെ മാത്രമാണ് മൂന്നാര്‍ ചര്‍ച്ചക്ക് ആയുസ്. അതുതന്നെയാണ് അതിലെ കളളത്തരവും.

Advertisement