ഇടുക്കി: വിവാദമായ മൂന്നാര്‍ ഭൂമിയില്‍ വീണ്ടും റിസോര്‍ട്ട് മാഫിയയുടെ കൈയ്യേറ്റം നടക്കുന്നതായി റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ന്യൂസ് ചാനലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പള്ളിവാസലിനടുത്ത് കരടിപ്പാറയില്‍ മലയിടിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു വശത്ത് നിന്ന് കുന്നിടിക്കുന്നതിന്റെയും മറുഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഗുണ്ടകളുടെ കാവലിലാണ് പ്രവര്‍ത്തനം.

ഇടുക്കി ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ദിനം പ്രതി യാത്ര ചെയ്യുന്ന പാതക്കരികിലാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. 2006ല്‍ ദൗത്യ സംഘം നോട്ടീസ് നല്‍കിയ ഭൂമിയുടെ പേരില്‍ വ്യാജ പട്ടയ വിതരണവും നടക്കുന്നുണ്ട്. 2008 സെപ്തംബറില്‍ മുഖ്യമന്ത്രിയെത്തി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച ടാറ്റ കൈവശം വെച്ച ഭൂമി ഇപ്പോള്‍ ഭരണകക്ഷി പാര്‍ട്ടിയിലെ ഒരു പ്രമുഖന്‍ കയ്യേറിയിരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ലാണ് മൂന്നാറില്‍ വ്യാപകമായി ഭൂമി കൈയ്യേറ്റം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതെ തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപീകരിച്ച ദൗത്യസംഘം ഭൂമി തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. കൈയ്യേറ്റക്കാരുടെ രാഷ്ട്രീയ ബന്ധം ഒടുവില്‍ മുന്നണിക്കും പാര്‍ട്ടിക്കും തന്നെ തിരിച്ചടിയാവുമെന്ന് കണ്ട സര്‍ക്കാര്‍ ദൗത്യ സംഘത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സി പി ഐ എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ച ഓപറേഷന്‍ കൂടിയായിരുന്നു മൂന്നാറില്‍ അന്ന് നടന്നത്.

ദൗത്യ സംഘത്തിന്റെ പിന്‍മടക്കം മൂന്നാറില്‍ വീണ്ടും കൈയ്യേറ്റം വ്യാപകമാക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.