മൂന്നാര്‍ : മൂന്നാറില്‍ ലക്ഷ്മി വന മേഖലയോട് ചേര്‍ന്ന് ടാറ്റ നിര്‍മ്മിച്ച് ഡാം വനഭൂമിയിലാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം. ഡാം നിര്‍മ്മാണം അനധികൃതമാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുന്നതിനും സംസ്ഥാന സര്‍ക്കാരിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി മന്ത്രിസഭാ ഉപസിമിതി ഡാം സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരികക്ുകയായിരുന്നു മന്ത്രി.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ധാരണയായതിനുശേഷമാണ് രാവിലെ മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, എ കെ ബാലന്‍ എന്നിവരടങ്ങിയതാണ് സംഘം. ഇടുക്കി ജില്ലാ കലക്ടര്‍ അശോക് സിംഗ്ല, ദൗത്യ സംഘം തലവന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ട്.

എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ സി പി ഐ നേതാവ് കെ ഇ ഇസ്മയില്‍ എം പി, പ്രൊഫ. ഡി ശശിധരന്‍ (ആര്‍ എസ് പി), ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ജെ), മുന്‍മന്ത്രി മാത്യു ടി.തോമസ് (ജനതാദള്‍ ഗൗഡ വിഭാഗം), എന്‍ വി പ്രദീപ്കുമാര്‍ (കോണ്‍ഗ്രസ്എസ്) എന്നിവരടങ്ങിയ സംഘം ഫെബ്രുവരി ഒന്നിന് മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.