എഡിറ്റര്‍
എഡിറ്റര്‍
മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലിന് മുന്നിട്ടിറങ്ങിയപ്പോള്‍ ‘ വെട്ടിനിരത്തലുകാര്‍ ‘എന്ന് പറഞ്ഞ് അന്ന് ആക്ഷേപിച്ചു; കെയ്യേറ്റമൊഴിപ്പിക്കലിന് ഐക്യദാര്‍ഢ്യവുമായി വി.എസ്
എഡിറ്റര്‍
Friday 28th April 2017 11:52am

മൂന്നാര്‍: മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

മൂന്നാറിലെ കൈയ്യേറ്റം ഏറെ നാളുകളായി കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണെന്നും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് മൂന്നാറിലും, പരിസര പ്രദേശങ്ങളിലും കൈയ്യേറ്റക്കാര്‍ കൈയ്യടക്കിവെച്ചിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

ഇവരില്‍ ടാറ്റയെ പോലുള്ള വന്‍കിടക്കാരുണ്ട്. ചെറിയ തോതില്‍ കൈയ്യേറ്റം നടത്തി കൃത്രിമരേഖകള്‍ വരെ സൃഷ്ടിച്ച് ഭൂമി മറിച്ചു വില്‍ക്കുന്ന ചെറുകിടക്കാരുമുണ്ട്. ഇതു പ്രയോജനപ്പെടുത്തി കൊഴുത്തു തടിക്കുന്ന റിസോര്‍ട്ട് മാഫിയയും മൂന്നാറില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ നേതൃത്വത്തിലെ ചിലരും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു എന്ന സ്ഥിതിയുമുണ്ടെന്നും വി.എസ് കുറ്റപ്പെടുത്തി.

ലക്കും ലഗാനുമില്ലാത്ത കൈയ്യേറ്റം മൂന്നാറിനെ മൂന്നാര്‍ അല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഇത് പരിസ്ഥിതി ഘടനയില്‍ അടക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്നും വി.എസ് പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാറിന് താങ്ങാവുന്നതിലും അപ്പുറമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അവിടെ ഇപ്പോള്‍ത്തന്നെ നടത്തിയിട്ടുള്ളത്.


Dont Miss മണിയുടെ പ്രസംഗം ഗൗരവതരം; സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി 


ഭൂമിക്കും, പ്രകൃതിക്കും സഹിക്കുന്നതിനും താങ്ങുന്നതിനും പരിധിയുണ്ട്. അതേപ്പറ്റി ഒന്നും ആലോചിക്കാതെ, ലാഭക്കൊയ്ത്തില്‍ മാത്രം കണ്ണു നട്ടിട്ടുള്ള മാഫിയകള്‍ അവിടത്തെ മണ്ണും, പ്രകൃതിസമ്പത്തും കൊള്ള ചെയ്യുകയാണ്. ഇന്നിപ്പോള്‍ കുടിവെള്ളത്തിനു വേണ്ടി നാം നെട്ടോട്ടം ഓടുകയാണ്.

അടുത്ത ദിവസങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത് വേനല്‍ മഴ കനിയുകയോ, കാലവര്‍ഷം നേരത്തെ ആരംഭിക്കുകയോ ചെയ്തില്ലെങ്കില്‍, തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ളം മുട്ടും എന്നാണ്. ഇപ്പോള്‍ നാം ഇതിന്റെ സംഭ്രാന്തിയിലാണ്. കുന്നുകളും, മലകളും ഇടിച്ചുനിരത്തുന്നതിനെതിരെയും, പുഴകളില്‍ നിന്ന് മണല്‍ ഊറ്റുന്നതിനെതിരെയും, പാടങ്ങളും, തോടുകളും നികത്തുന്നതിനെതിരെയും പ്രതികരിക്കാന്‍ മടിച്ചുനിന്നവരാണ് മലയാളികളില്‍ ഏറെ പേരും.

എന്നെപ്പോലുള്ളവര്‍ കാല്‍ നൂറ്റാണ്ടിനു മുമ്പേ തന്നെ ഇതിന്റെ ആപത്ത് ചൂണ്ടിക്കാട്ടി സമരം നടത്തിയിട്ടുള്ളവരാണ്. പക്ഷേ, അന്ന് ഞങ്ങളെ ‘വെട്ടി നിരത്തലുകാര്‍ ‘ എന്നു പറഞ്ഞ് ആക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തങ്ങളാണ് ഇപ്പോള്‍ നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്.

മൂന്നാര്‍, മൂന്നാര്‍ അല്ലാതായി മാറുന്നത് കേവലം ആ പ്രദേശത്തിന്റെ മാത്രം ഒരു പ്രശ്‌നമല്ല. മറിച്ച് കേരളത്തിന്റെ വരുംകാല പരിസ്ഥിതിയും, കുടിവെള്ളവും, ജീവിതവും ഒക്കെത്തന്നെ തകിടം മറിക്കപ്പെടുന്ന സ്ഥിതിയിലേക്കായിരിക്കും ഇതുകൊണ്ടുചെന്ന് എത്തിക്കുക. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് 2006-ലെ എല്‍.ഡി.എഫ് ഗവണ്‍മെന്റ് മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് സജീവമായ ഇടപെടലുകള്‍ നടത്തിയത്. എന്നാല്‍ അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും, പൂര്‍ത്തികരിക്കാനും പലവിധ കാരണങ്ങള്‍ കൊണ്ടു കഴിഞ്ഞില്ല.

ഇന്നിപ്പോള്‍ മൂന്നാറിലെ കൈയ്യേറ്റങ്ങളും, അവ ഒഴിപ്പിക്കലും വലിയ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നമായി നിലനില്‍ക്കുകയാണ്. എല്‍.ഡി.എഫ് എന്ന രാഷ്ട്രിയ മുന്നണിയും, ആ മുന്നണി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റും എല്ലാത്തരം കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണം എന്ന നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുളളത്.

ജാതിയുടെയോ, മതത്തിന്റെയോ, വിശ്വാസങ്ങളുടെയോ പേരില്‍ കൈയ്യേറ്റങ്ങള്‍ക്ക് മറയിടാനുള്ള ശ്രമങ്ങളെ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പാവപ്പെട്ട ദളിതരും, ആദിവാസികളും അടക്കമുള്ള ആയിരങ്ങള്‍ ഭൂമിക്കു വേണ്ടി സമരരംഗത്തു വരുന്ന ഘട്ടത്തിലാണ് പണാധിപത്യത്തിന്റെ മുഷ്‌ക്കില്‍ കൈയ്യേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു കാരണവശാലും സാധാരണ ജനങ്ങളോട് പ്രതിബദ്ധതയുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

അതുകൊണ്ട് കൈയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത ഒരു നവീന മൂന്നാര്‍ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അഥവാ അതായിരിക്കണം നാമെല്ലാം ആഗ്രഹിക്കേണ്ടത്. യുവകലാസാഹിതി സംഘടിപ്പിച്ചിട്ടള്ള ഈ കൂട്ടായ്മ അതിലേയ്ക്കുള്ള ചുവടുവെയ്പ്പിന് സഹായകമായി മാറട്ടേ എന്ന് ആശംസിക്കുന്നതായും വി.എസ് പറഞ്ഞു.

Advertisement