kerala-field
എഡിറ്റോ-റിയല്‍/ ബാബുഭരദ്വാജ്

സത്യത്തില്‍ മുന്നാറിലെന്താണ് നടക്കുന്നത്, നടന്ന് കൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാന്ദന്റെ കാലത്ത് മൂന്നാറിലെന്താണ് നടന്നതെന്നും അതിനെന്താണ് സംഭവിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ ചോദ്യം ചോദിക്കേണ്ടിവന്നത്.

ഭൂമിയുടെ കാര്യത്തിലുള്ള അവസ്ഥയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ചില പരിഹാരങ്ങള്‍ക്കെങ്കിലും അച്യുതാനന്ദന്റെ മൂന്നാര്‍ നിലപാട് സഹായകരമായേനെ. കേരളത്തിലെ ഭൂമാഫിയകള്‍ക്കെതിരെയുള്ള നിലയ്ക്കാത്ത പോരാട്ടമായി അത് വളര്‍ന്നേനെ. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ഒരു പരിധിവരെ അത് സുതാര്യമാക്കിയെനെ.

ഭൂമി അടിസ്ഥാന പ്രശ്‌നമായും അടിയന്തര പ്രശ്‌നമായും മാറിയേനെ. ഒരു ജനതയുടെ ചരിത്രപരമായ നിയോഗവും നിലപാടും ആയി അത് മാറിയേനെ. കൃഷിയുടെയും കൃഷിഭൂമിയുടെയും പ്രശ്‌നങ്ങളില്‍ കൃഷിക്കാരന്റെയും മണ്ണില്‍ പണിയെടുക്കുന്നവന്റെയും നൂറ്റാണ്ടുകളായുള്ള ജീവിതസമരങ്ങളില്‍ അര്‍ത്ഥവത്തായ ചില പ്രത്യാശയുടെ പ്രസരിപ്പെങ്കിലും അതുണ്ടാക്കിയേനെ.

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ ഉന്നയിച്ചിരുന്ന ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരാണെന്ന ജീവല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബന്ധമാണെന്നതിന്റെ പ്രഖ്യാപനം കൂടിയാവുമായിരുന്നു മുന്നാറിലെ നടപടികള്‍.

1957 ലെ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ കൊണ്ടുവന്നതും രണ്ട് ദശാബ്ദക്കാലം കൊണ്ട് മാത്രം ഭാഗികമായി പാസ്സാക്കിയെടുത്തതും നടപ്പാക്കിയതുമായ കാര്‍ഷികാനുബന്ധ ബില്ലിലെ അപാകതകള്‍ പരിഹരിക്കാനുള്ള സന്നദ്ധതയുടെ പ്രകടനമായും ഭവിച്ചേനെ.

തോട്ടം മേഖലയെ തൊടാതെയും തോട്ടം മേഖലയ്ക്ക് പരിധി നിര്‍ണ്ണയിക്കാതെയുമാണ് 1957 ല്‍ കാര്‍ഷികാനുബന്ധ ബില്ല് കൊണ്ട് വന്നത്. തോട്ടം എന്ന നിര്‍വ്വചനത്തില്‍ നിന്നും നെല്‍പ്പാടത്തെ ഒഴിവാക്കുകയും ചെയ്തു. രണ്ടുതരം ദേശീയ ദുരന്തമാണ് ഇതുണ്ടാക്കിയത്.

ഇന്ന് കിഴക്കന്‍ മേഖലയില്‍ നടക്കുന്ന വ്യാപകമായ ഭൂമി കയ്യേറ്റങ്ങള്‍ക്കും തോട്ടം ഭൂമിയുടെ മുറിച്ച് വില്‍പ്പനകള്‍ക്കും പാട്ട ഭൂമികളുടെ അന്യാധീനപ്പെടലുകള്‍ക്കും എസ്‌റ്റേറ്റുടമകളുടെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍ക്കും നിദാനമായിരിക്കുന്നത് അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍കാണിച്ച ഔദാര്യമാണ്.

vs-in-munnarടാറ്റകളും ഹാരിസണ്‍ മലയാളംകാരും അത്‌പോലുള്ള മാടമ്പികളും ശക്തരായതും എത് സര്‍ക്കാരിനെയും എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള തന്റേടം നേടിയതും ഇങ്ങിനെയാണ്. കാര്‍ഷികബന്ധ ബില്ലാണ് കാലാകാലങ്ങളിലേക്കും അവര്‍ക്ക് നിയമ പരിരക്ഷ നേടിക്കൊടുത്തത്.

അവര്‍ പാട്ടത്തിനെടുത്ത മലകളും മലയടിവാരങ്ങളും ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്നവസ്ഥയിലാണുള്ളത്. മാത്രമല്ല നേക്കെത്താദൂരത്തോളം അവര്‍ക്ക് പണ്ട് പതിച്ചു കിട്ടിയതും പാട്ടത്തിന് കിട്ടിയതുമായ ഭൂമിക്ക് അതിരുകളില്ലാതായിരിക്കുന്നു. നോക്കെത്താ ദൂരത്തോളം പോകണമല്ലോ അതിരിലെത്താന്‍. പോകുന്തോറും നോക്കെത്താദൂരം അകന്നകന്നും പോകുമല്ലോ.

മലകളില്‍ ഇതാണ് സംഭവിച്ചതെങ്കില്‍ ഇടനാടുകളിലും തീരങ്ങളിലും എന്താണ് സംഭവിച്ചത്. നെല്‍പ്പാടങ്ങള്‍ക്ക് പരിധി വന്നതോടെ കായല്‍ രാജാക്കന്‍മാര്‍ നിലം പരിശായി. ജന്മിത്വത്തിന് അറുതി വരുത്തുന്നതില്‍ സുപ്രധാന കാല്‍വയ്പ്പായി അത് മാറി. എന്നാല്‍ ഭൂമി തുണ്ടം തുണ്ടമാക്കപ്പെടുകയും പാടശേഖരങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.

കൈവശാവകാശ നിയമം പ്രകാരം ഭൂമി കൈക്കലാക്കിയ പാട്ട കുടിയാന്‍മാര്‍ പുതിയ ജന്മികളായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും ഭൂമിയുടെ അവകാശികളായി പ്രഖ്യാപിച്ചിരുന്ന യഥാര്‍ത്ഥ കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി ഇല്ലാതാവുകയും ചെയ്തു. അവര്‍ക്ക് കിടക്കാനിടമില്ലാതായി. കാര്‍ഷികാനുബന്ധബില്ല് മലകളിലെ ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ചെടുത്തു , ഇടനാടുകളിലെ കര്‍ഷകരെ ഭൂരഹിതരാക്കി, ഭൂമി കയ്യടക്കിയ പാട്ടക്കുടിയാന്‍മാര്‍ കൃഷി ലാഭകരമല്ലെന്ന ധാരണ പരത്തി, ഭൂമിതരിശുടുകയും മുറിച്ച് വില്‍ക്കുകയും നെല്‍പ്പാടങ്ങള്‍ നികത്തുകയും നിലം ഭൂമാഫിയകള്‍ക്ക് കൈമാറുകയും ചെയ്തു. അങ്ങിനെ ഫലത്തില്‍ കൃഷി ഇല്ലാതായി. തോട്ടം മേഖലയില്‍ തോട്ടങ്ങള്‍ ഇല്ലാതെയായി. എല്ലാം റിസോര്‍ട്ടുകള്‍ ആയി.

കടലോരങ്ങളില്‍ എന്ത് സംഭവിച്ചു?. മീന്‍പിടുത്ത ഗ്രാമങ്ങളെല്ലാം റിസോര്‍ട്ടുകള്‍ ആയി. കാര്‍ഷികാനുബന്ധ ബില്ലിനെ വാനോളം പുകഴ്ത്തുന്നതിനിടയിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കുന്നതിന്റെ ബോണസ്സും പെന്‍ഷനുമൊക്കെയായി അതിനെ ഉയര്‍ത്തിക്കാട്ടുമ്പോഴും കാണാതെ പോവുന്ന കാര്യങ്ങളാണിതൊക്കെ.

ഇങ്ങിനെയൊക്കെ സംഭവിച്ചത് അന്ന് കര്‍ഷകതൊഴിലാളിയ്ക്ക് സംഘടനയില്ലാതിരുന്നതിനാലാണെന്നാണ് ഗൗരിയമ്മ ഒരഭിമുഖത്തില്‍ പറഞ്ഞത്. തോട്ടം ഭൂമിയ്ക്ക് പരിധിയില്ലാതെ പോയത് തോട്ടം തൊഴിലാളി യൂണിയനുകള്‍ ശക്തമായതിനാലാണ്. പാട്ട ഭൂമികളായ എസ്‌റ്റേറ്റുകള്‍ സര്‍ക്കാരിന് തിരിച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നതും തോട്ടം തൊഴിലാളി യൂണിയനുകള്‍ ശക്തമായത് കൊണ്ടാണ്.

ചെങ്ങറയില്‍ നിന്ന ്ആദിവാസികളും ദരിദ്രരുമായ പാവങ്ങളെ അടിച്ചിറക്കാന്‍ സംഘടിതരായത് തോട്ടം തൊഴിലാളികളാണല്ലോ. ഒരു രണ്ടാം ഭൂപരിഷ്‌കരണം എന്ന ആശയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരുവിഭാഗം മുന്നോട്ട് വയ്ക്കുമ്പോള്‍ തോമസ് ഐസക്കിന്റെ നേതൃത്വത്ത്വത്തില്‍ ഒരു വിഭാഗം ഇനിയൊരിക്കലും ഭൂപരിഷ്‌കരണം വേണ്ടായെന്ന് വാദിക്കുന്നു. ഇക്കൂട്ടര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന് നിസ്സംശയം പറയാം.

മൂന്നാറില്‍ വി.എസ്. സര്‍ക്കാര്‍ പരാജയപ്പെട്ടത് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഔദ്യോഗിക നേതൃത്വങ്ങളുടെ എതിര്‍പ്പും അവര്‍ കയ്യേറ്റക്കാരോട് കാണിച്ച ഒത്താശയും കാരണമാണ്. വി.എസ് പരാജയപ്പെട്ട് പിന്മാറിയപ്പോള്‍ കയ്യേറ്റം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാനും അത് കാരണമായി. കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ചു എന്ന് കാണിക്കാന്‍ കയ്യേറ്റഭൂമികളില്‍ ചിലതിലൊക്കെ ബോര്‍ഡ് സ്ഥാപിച്ച് ദൗത്യസംഘം മലയിറങ്ങി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലകയറുന്നത് ഇങ്ങിനെ ബോര്‍ഡ് സ്ഥാപിക്കാനാണ്. മലയിറങ്ങുന്നത് ബോര്‍ഡുകള്‍ നാട്ടിയാണ്. ഇനിയെന്തു സംഭവിക്കും. കയ്യേറ്റ ഭൂമി ബലം പ്രയോഗിച്ച് ഒഴിപ്പിക്കില്ലെന്നാണ് പറയുന്നത്. കയ്യേറ്റക്കാരെ മാനസാന്തരപ്പെടുത്താന്‍ ശ്രമിക്കും. അതിനായി ഉപദേശികളെ അയക്കുമോ എന്നറിയില്ല. കയ്യേറ്റക്കാര്‍ ദൈവവിളി കേള്‍ക്കുമോ എന്നും അറിയില്ല. കയ്യേറ്റക്കാര്‍ ഒഴിഞ്ഞ് പോയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മുട്ട് കുത്തിനിന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമായിരിക്കും. അതിന് ഈ അതിവേഗം ബഹുദൂരക്കാരന് സമയമുണ്ടാവുമോ ആവോ.

അങ്ങിനെ അഞ്ച് കൊല്ലം കഴിയുമ്പോള്‍ സര്‍ക്കാര്‍ മാറും. ഒരു അനുഷ്ഠാനം പോലെ, ഒരു ഉത്സവം പോലെ മൂന്നാര്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. കലണ്ടറുകളില്‍ അഞ്ചാണ്ടുകള്‍ കൊഴിയുമ്പേളുണ്ടാവുന്ന ഉത്സവമായി മൂന്നാര്‍ അടയാളപ്പെടുത്തും. മൂന്നാറില്‍ പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ പൂക്കുന്ന് ഒരു പൂവുണ്ടല്ലോ. അത് പോലെ അഞ്ച് കൊല്ലം കഴിയുമ്പോള്‍ വേറൊരു പൂക്കാലവും മൂന്നാറിനുണ്ടാവട്ടെ. നീലക്കുറിഞ്ഞികള്‍ പൂത്തു എന്ന പാട്ടിന് പകരം ‘കയ്യേറ്റക്കാരെ തുരത്താന്‍ മന്ത്രിയും കൂട്ടരും എത്തി എന്ന്’ പാടാം. മൂന്നാറിലെ കയ്യേറ്റക്കാര്‍ അരൂപികളാണെന്ന് മന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. അതിനര്‍ത്ഥം അവരെ കണ്ടെത്താനാവില്ലെന്നും, അവര്‍ പിടിക്കപ്പെടാന്‍ വഴിയില്ലെന്നുമാണ്. ഒടുക്കം ചോദിച്ചാല്‍ പറയാമല്ലോ ഞാനന്നേ പറഞ്ഞതല്ലേ അവര്‍ അരൂപികളാണെന്ന്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാമര്‍ത്ഥ്യം സമ്മതിച്ച് കൊടുക്കാതെ പറ്റില്ല.