മൂന്നാര്‍: പെമ്പിളൈ ഒരുമൈ സമരത്തില്‍നിന്ന് ആംആദ്മി പാര്‍ട്ടി പിന്മാറി എന്ന രൂപത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതോ ചില ഗൂഢാലോചനയുടെ ഫലവുമാണ് എന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സി.ആര്‍ നിലകണ്ഠന്‍.

ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആംആദ്മി പാര്‍ട്ടി സജീവമായി ഉണ്ട്. ഇന്നും അത് തുടരുന്നു. ആയിരക്കണക്കിന് ആളുകളെ കൊണ്ടുവരാനുള്ള ശേഷി ഇല്ലെങ്കിലും എല്ലാ ദിവസവും പന്തലില്‍ എത്തി അവരോടൊപ്പം ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആംആദ്മി പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘ഏപ്രില്‍ 24 മുതല്‍ ഇന്നേ ദിവസം വരെ ഉള്ള 17 ദിവസങ്ങളില്‍ 2 ദിവസം മാത്രമാണ് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ അവിടെ ഇല്ലാതിരുന്നത്. ആ ദിവസവും മറ്റു സംസ്ഥാന നേതാക്കളും ജില്ലാപ്രവര്‍ത്തകരും അവിടെ എത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇടുന്നതിന്റെ തലെദിവസം മൂന്ന് ദിവസം തുടര്‍ച്ചയായി ഞാന്‍ അവിടെ ഉണ്ട്. റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ എപ്പോഴെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് എന്ന നിലയില്‍ എന്നോട്‌സംസാരിക്കാനോ ഒരുമ്പെട്ടിട്ടില്ല എന്ന കാര്യം തീര്‍ച്ചയാണ്.’ – സി.ആര്‍ നീലകണ്ഠന്‍ പറയുന്നു.

ആം ആദ്മി പാര്‍ട്ടി മാത്രമല്ല ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് അവരോടൊപ്പം ഇരുന്ന് തിരിച്ചു പോയിട്ടുണ്ട്.


Dont Miss ജിഷ്ണു കേസ് ‘ന്യായീകരിക്കാന്‍’ ചിലവാക്കിയത് 18 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി 


അതില്‍ എല്ലാം പുറമെ പ്രത്യേകമായി കക്ഷിരാഷ്ട്രീയ ചായ്‌വില്ലാത്ത സാധാരണക്കാരായ മനുഷ്യര്‍ മൂന്നാറില്‍ എത്തുമ്പോള്‍ ഈസമരത്തോട് കാണിക്കുന്ന ഐക്യദാര്‍ഢ്യം എന്താണ് എന്ന് അവിടെ നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കുംമനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.

ഈസമരം എത്രകാലം പെമ്പിളൈ ഒരുമൈ തുടര്‍ന്നാലും അതിനോടൊപ്പം ആംആദ്മി പാര്‍ട്ടി ഉണ്ടാകും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. തെറ്റിധാരണജനകമായ ഇത്തരംവാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്നും സി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.