കൊച്ചി: മൂന്നാറില്‍ ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂവകുപ്പിന്റെയും അനുമതിയില്ലാതെ നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബന്നൂര്‍മഠ്, തോട്ടത്തില്‍ ബി രാധാകൃഷണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

മൂന്നാറിലെ മണ്ണെടുപ്പ് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന് കോടതി വ്യക്തമാക്കി. മൂന്നാറില്‍ മൂന്ന് റോഡുകളും പോക്കറ്റ് റോഡുകളുമുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മാണം അറിഞ്ഞില്ലെന്നത് വീഴ്ചയാണ്. തെറ്റുകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നടപടിയുടെ റിപ്പോര്‍ട്ട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണം.

മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അഴിമതിയുണ്ട്. പലപ്പോഴും ചെറിയ മീനുകള്‍ മാത്രമാണ് ശിക്ഷിക്കക്ഷപ്പെടുന്നത്. വലിയ മീനുകള്‍ രക്ഷപ്പെടുന്നു. നേരത്തെ മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ചുള്ള രാജന്‍ മേഥേക്കര്‍, നിവേദിത പി ഹരന്‍ എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. കയ്യേറ്റത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ സി ഡി കൂടി പരിശോധിച്ചാണ് കോടതി ഉത്തരവ്.