students-calsh

അടിമാലി: മൂന്നാര്‍ സര്‍ക്കാര്‍ കോളജില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പത്തു പേര്‍ക്കു പരിക്കേറ്റു. ഒന്നാംവര്‍ഷം ബി.എ വിദ്യാര്‍ഥികളായ രാമചന്ദ്രന്‍, (21), സത്യരാജ് (20), ഡിനില്‍ (21), വിജയ് (21), പാര്‍ഥിപന്‍ (20), രാജ (20), മണികണ്ഠന്‍ (23), മണി (21), രാംകുമാര്‍ (20), സുരേഷ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിനില്‍, മണികണ്ഠന്‍ എന്നിവര്‍ക്കു സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ 9.45 ഓടെയാണു സംഭവം. കഴിഞ്ഞ ദിവസം നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച് അധ്യാപകരെയും എസ്.എഫ്.ഐക്കാരെയും കെ.എസ്.യു – എ.ഐ.എസ്.എഫ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിനു കാരണം. 25നു നടന്ന തിരഞ്ഞെടുപ്പില്‍ 325 വോട്ടുകളാണ് പോള്‍ ചെയ്തത്. എന്നാല്‍ ഫല പ്രഖ്യാപന സമയത്ത് വോട്ട് എണ്ണിയപ്പോള്‍ 375 വോട്ട് ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിനെതിരേ എസ്.എഫ്.ഐക്കാര്‍ രംഗത്തു വരികയായിരുന്നു.
തിരഞ്ഞെടുപ്പു ദിവസം എസ്.എഫ്.ഐക്കാര്‍ സി.പി.എം പ്രവര്‍ത്തകരുടെ സഹായത്തോടെ കെ.എസ്.യു – എ.ഐ.എസ്.എഫ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഓടിച്ചതായി പറയുന്നു. വിദ്യാര്‍ഥികളെ കോളജിനു പുറത്താക്കാന്‍ പോലിസിനെ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്.
ഇന്നലെ കോളജ് തുറന്നപ്പോള്‍ എസ്.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. മൂന്നാര്‍ ടൗണില്‍ സി.പി.എമ്മുകാര്‍ വളഞ്ഞുവച്ചു മര്‍ദ്ദിച്ചതായും എ.ഐ.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു. മൂന്നാര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.