തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയത് പ്രമോഷനോടെയല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ശ്രീരാം നേരത്തേയുണ്ടായിരുന്ന എ ഗ്രേഡ് സബ് കളക്ടര്‍ പദവിയും എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന രേഖകളാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.


Also Read: ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു; ഗുര്‍മീത് റാമിന്റെ പഴയട്വീറ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ


നേരത്തെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സബ്കളക്ടറെയായിരുന്നു സര്‍ക്കാര്‍ പുതിയ പദവി നല്‍കി സ്ഥാനം മാറ്റിയത്. കയ്യേറ്റക്കാര്‍ക്ക് അനുകൂല നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന ആരോപണമുയര്‍ന്നപ്പോള്‍ ശ്രീറാമിന് ലഭിച്ചത് പ്രമോഷനാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖയിലെ വിവരങ്ങള്‍. എ ഗ്രേഡ് സബ് കളക്ടര്‍ പദവിയും എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്നത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരവും ഐ.എ.എസ് കേരള കേഡറിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണെന്നും വിവരാവകാശത്തില്‍ പറയുന്നുണ്ട്.

ദേവികുളം സബ് കളക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ശ്രീറാമിനെ സീനിയര്‍ ടൈം സ്‌കെയിലിലേക്കു പ്രമോഷന്‍ നല്‍കിയിരുന്നത്. ഐ.എ.എസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമെ ശ്രീറാമിന് ഇനി സ്ഥാനക്കയറ്റം ലഭിക്കുകയുളളൂ.


Dont Miss: ഒരു ബലാത്സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന്‍ ബലി നല്‍കേണ്ടി വരുന്ന അവസ്ഥ ഭീകരം; ജോയ് മാത്യു


ഇത് മറച്ചുവെച്ചാണ് ശ്രീറാമിന് പ്രമോഷന്‍ നല്‍കിയതാണെന്ന വാദം സര്‍ക്കാര്‍ ഉന്നയിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചത്.