തിരുവനന്തപുരം: മൂന്നാര്‍ വനഭൂമി വിജ്ഞാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതുപ്രകാരം മൂന്നാറില്‍ 17352 ഏക്കര്‍ ആദ്യഘട്ടമായി ഏറ്റെടുക്കും. ഇത് വനഭൂമിയായി പ്രഖ്യാപിക്കും. ഇതു സംബന്ധിച്ചുള്ള വനം വകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല.

വനം,റവന്യൂ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രൂപീകരിച്ച ഭൂമി ഏറ്റെടുക്കല്‍ പദ്ധതി ഏറെക്കാലമായി മന്ത്രിസഭയുടെ പരിഗണനയിലായിരുന്നു. ഈ ഭൂമി റിസര്‍വ്വ് വനമായി ഏറ്റെടുക്കാനാണ് തീരുമാനം. എന്നാല്‍ വനഭൂമി വിജ്ഞാപനത്തിന് സാധാരണയായി സംസ്ഥാന സര്‍ക്കാറിന്റെ അനുമതി മതിയെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൂടി ആവശ്യമുണ്ട്.

ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി നഷ്ടപ്പെട്ട വനഭൂമിക്ക് പകരമായുള്ള ഏറ്റെടുക്കലാണിതെന്നാണ് തീരുമാനത്തിലുള്ളത്. ഇതുകൊണ്ടാണ് കേന്ദ്ര വനം വകുപ്പിന്റെ അനുമതി കൂടി ആവശ്യമായി വരുന്നത്.