കൊച്ചി: മൂന്നാറില്‍ ടാറ്റ കമ്പനി രണ്ട് തടയണകള്‍ നിര്‍മ്മിച്ചതും കമ്പിവേലി കെട്ടിയതും സംബന്ധിച്ച കേസുകള്‍ പ്രത്യേക ട്രിബ്യൂണല്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉ­ത്തരവ്. മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്നതിന് മാത്രം രൂപീകൃതമാകുന്ന ട്രിബ്യൂണലാണ് കേസുകള്‍ പരിഗണി­ക്കേണ്ടത്. ട്രിബ്യൂല്‍ വിധി പ്രസ്താവിക്കുന്നതുവരെ തടയണകളുടെ കാര്യത്തിലും കമ്പിവേലികളുടെ കാര്യത്തിലും തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് ചലമേശ്വറും ജസ്റ്റിസ് സി എന്‍ രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബ­ഞ്ച് ഉ­ത്ത­ര­വിട്ടു.

ലക്ഷ്മി എസ്റ്റേറ്റിലെ ചിട്ടിവരയിലും ചപ്പക്കുളത്തും ടാറ്റ കമ്പനി തടയണകള്‍ നിര്‍മ്മിച്ചതും റോസ് ഗാര്‍ഡനില്‍ വൈദ്യുതി കമ്പിവേലി നിര്‍മ്മിച്ചതും പൊളിച്ചുനീക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടാറ്റ സര്‍പ്പിച്ച ഹര്‍ജിയിലാണ് കേസുകള്‍ ട്രിബ്യൂണലിന് വിട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായ­ത്.

ടാറ്റയുടെ ഹരജികള്‍ ആദ്യം പരിഗണിച്ച സിംഗിള്‍ ബഞ്ച് കലക്ടറുടെ ഉത്തരവില്‍ സ്റ്റേ അനുവദിച്ചു. തുടര്‍ന്ന് വിശദ വാദത്തിനായി ഹര്‍ജികള്‍ ഡിവഷന്‍ ബഞ്ചിന് കൈമാറി. ഇതോടെ തടയണ പൊളിക്കുന്നത് സംബന്ധിച്ച തീരുമാനം നീളുമെന്ന് വ്യക്തമായി.