മൂന്നാര്‍: മൂന്നാറില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന്‌ സി പി ഐ എം ജില്ലാ സെക്രട്ടറി എം എം മണി. ഇപ്പോള്‍ കയ്യേറ്റം നടക്കുന്നുവെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൈയ്യേറ്റമെന്ന് പറഞ്ഞ് ചില കടലാസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്. നവീന മൂന്നാര്‍ എന്ന മുദ്രാവാക്യം തട്ടിപ്പാണെന്നും നടക്കുന്ന കാര്യങ്ങളെ രാഷ്ട്രീയക്കാര്‍ പറയാവൂവെന്നും മണി ഇന്ത്യാവിഷന്‍ ചാനലിനോട് വ്യക്തമാക്കി.

മൂന്നാറില്‍ സര്‍വ്വെ നടത്തിയ നിവേദിത പി ഹരന് വിവരമില്ല. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനോട് സി പി ഐ എമ്മിന് പുച്ഛമാണ്. മൂന്നാറില്‍ പുതിയ കൈയ്യേറ്റമുണ്ടെന്ന് കരുതുന്നില്ല. ഈ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമുള്ളത്. കര്‍ഷകരെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്ന നിലപാടല്ല പാര്‍ട്ടിക്കുള്ളത്. കര്‍ഷകരെ കുടിയിരുത്തുകയാണ് പാര്‍ട്ടി ചെയ്യുക. കെ സുരേഷ് കുമാര്‍ ഇപ്പോഴും മൂന്നാറില്‍ കറങ്ങി നടക്കുകയാണ്. മൂന്നാറില്‍ ഇപ്പോഴും അയാള്‍ക്ക് നിയന്ത്രണമുണ്ടെന്നും എം എം മണി വ്യക്തമാക്കി.

Subscribe Us:

1997ല്‍ കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും എം എം മണിയുടെ നേതൃത്വത്തില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മൂന്നാറിലേക്ക് പുതിയ അന്വേഷണ സംഘത്തെ അക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുമ്പോഴാണ് അതിന് പാര്‍ട്ടിയുടെ സമ്മതമില്ലെന്ന സന്ദേശവുമായി ജില്ലാ സെക്രട്ടരി രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം മൂന്നാറില്‍ കെ എസ് ഇ ബിയുടെ സ്ഥലം കയ്യേറിയതിന് സി പി ഐ എം ഏരിയ കമ്മിറ്റി അംഗമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കയാണ്.