മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കയ്യേറ്റം നടക്കുന്നുവെന്ന പ്രചാരണത്തിന് പിന്നില്‍ താനാണെന്ന സി പി ഐ എം ആരോപണത്തിന് മറുപടിയുമായി മുന്‍ മൂന്നാര്‍ ദൗത്യ സംഘം തലവന്‍ കെ സുരേഷ്‌കുമാര്‍ രംഗത്ത്. മൂന്നാര്‍ നടപടികളില്‍ താന്‍ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഹൈക്കോടതി ജഡ്ജുമാരാണ് കയ്യേറ്റത്തെക്കുറിച്ച് പറഞ്ഞത്. അപ്പോള്‍ ജഡ്ജുമാരുമായി താന്‍ ഗൂഢാലോചന നടത്തിയെന്ന് പറയേണ്ടി വരും.

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ദൗത്യ സംഘം ജോലി അവസാനിച്ച ശേഷം എട്ട് തവണ താന്‍ മൂന്നാറില്‍ പോയിട്ടുണ്ട്. ഒരു പൗരന്‍ എന്ന നിലയിലാണ് താന്‍ അവിടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാറില്‍ കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം എം മണി ഇന്നലെ ആരോപിച്ചിരുന്നു. സുരേഷ്‌കുമാര്‍ ഇപ്പോഴും മൂന്നാറില്‍ കറങ്ങി നടക്കുകയാണെന്നും മണി ആരോപിച്ചിരുന്നു.