മൂന്നാര്‍ : മൂന്നാര്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ചും അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശോധിക്കാന്‍ നിയമസഭാ സമിതി ഇന്ന് മൂന്നാറില്‍ തെളിവെടുപ്പ് നടത്തും. മുന്‍ മന്ത്രി മാത്യൂ ടി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് തെളിവെടുപ്പ് നടത്തുക. എം എല്‍ എ മാരായ ശിവദാസന്‍ നായര്‍ , സൈമണ്‍ ബ്രിട്ടോ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

2005ലെ കേരള വിനോദ സഞ്ചാരം; പരിപാലനവും സംരക്ഷണവും നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എതും മൂന്നാറിലെ പരിസ്ഥിതി സംരക്ഷണം, ഭൂപ്രകൃതി സംരക്ഷണം കെട്ടിട നിര്‍മാണം ഊര്‍ജ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും.

മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് തെളിവെടുപ്പ്. ഇവിടെ പൊതുജനങ്ങള്‍ക്കും, സംഘടനകള്‍ക്കും കയ്യേറ്റത്തിനെതിരെ തെളിവുകള്‍ നല്‍കാം. സുപ്രീം കോടതി വിധിയും, ദൂരപരിധി നിയമവും ലംഘിച്ച് ഹോട്ടലുകളും റിസോര്‍ട്ടുകളും പുഴ കയ്യേറിയെന്നും മലിനമാക്കിയെന്നുമുള്ള നേരത്തെ തന്നെ കമ്മിറ്റിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാറില്‍ പുതിയ കയ്യേറ്റമില്ലെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും ഇന്നലെ സി പി ഐ എം ജില്ലാ സെക്രട്ടറി എം എം മണി വ്യക്തമാക്കിയിരുന്നു.

96ല്‍ നാലകത്ത് സൂപ്പി ചെയര്‍മാനായ നിയമസഭാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ടാറ്റ കമ്പനിയുടെ വശം അനധികൃതമായി 50,000 ഏക്കറോളം ഭൂമി കൂടിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.