ന്യൂദല്‍ഹി: വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ മനസിലിടം നേടിയ ഹീറോ ഹോണ്ടയുടെ ഇന്ത്യന്‍ ഉടമസ്ഥര്‍ ‘ഹോണ്ട’യെ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. ഹീറോ കമ്പനിയുടെ ഉടമസ്ഥരായ മുഞ്ചാള്‍ സഹോദരന്‍മാരാണ് ഹോണ്ട എന്ന ബ്രാന്റ് നെയിം ഉപേക്ഷിക്കാനൊരുങ്ങുന്നത്.

2014 വരെയാണ് ഹീറോ ഹോണ്ട എന്ന ബ്രാന്റ് നെയിം ഉപയോഗിക്കാനുള്ള കരാറെങ്കിലും കഴിഞ്ഞ ഡിസംബറോടെ തന്നെ ഹോണ്ടയെ ഒഴിവാക്കാനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കമ്പനി നീങ്ങുകയാണ്.

ഹീറോ ഹോണ്ട മോട്ടോര്‍സ് ലിമിറ്റഡ് എന്ന പേര് ഹീറോ മോട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ് എന്നാക്കാനാണ് നീക്കം. 1984ലാണ് ഹീറോ ഹോണ്ട എന്ന കൂട്ടു സംരംഭം നിലവില്‍ വന്നത്. 27 വര്‍ഷം കൊണ്ട് ഹീറോ ഹോണ്ട നേടിയ ജനസമ്മിതി മുഞ്ചാള്‍ സഹോദന്‍മാര്‍ക്ക് പെട്ടെന്ന് മറികടക്കാന്‍ കഴിയില്ലെന്നാണ് വിപണി വിദഗ്ദ്ധരുടെ അഭിപ്രായം.