vilappil-sala
തിരുവനന്തപുരം: ജനങ്ങളുയര്‍ത്തിയ പ്രതിഷേധ മതിലിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഭരണകൂടം കീഴടങ്ങി. വിളപ്പില്‍ ശാലയില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ പോലീസും കോര്‍പറേഷന്‍ വാഹനങ്ങളും തിരിച്ചുപോയി. വിളപ്പില്‍ ശാല പ്ലാന്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തീര്‍ത്ത ജനകീയ മതില്‍ പൊളിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബലപ്രയോഗം ഉച്ച തിരിഞ്ഞും വിജയിക്കാതെ വന്നതോടെ പോലീസ് തിരിച്ചു പോവുകയായിരുന്നു. ഉപരോധസമരം വിജയിച്ചതറിഞ്ഞ് പതിനായരങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ പിന്‍മാറ്റം താല്‍ക്കാലികമാണെന്ന് പോലീസും കോര്‍പറേഷന്‍ അധികാരികളും വ്യക്തമാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് രണ്ട് ലോറി മാലിന്യങ്ങളും രണ്ട് കളിമണ്‍ നിറച്ച ലോറികളും വിളപ്പില്‍ശാലയിലെത്തിയത്. എന്നാല്‍ മാലിന്യപ്ലാന്റിനുചുറ്റും തടിച്ചുകൂടിയ ആയിരക്കണക്കിന് സമരസമിതി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. മാലിന്യപ്ലാന്റിലേക്കുള്ള റോഡ് നാട്ടുകാര്‍ കയര്‍കെട്ടി ഉപരോധിച്ചിരിക്കുകയും ചെയ്തു. നാട്ടുകാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ വിളപ്പില്‍ശാലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

vilappil-sala

മാലിന്യപ്ലാന്റിലേക്ക് ഇന്നുമുതല്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുമെന്ന് കഴിഞ്ഞദിവസം മേയര്‍ കെ. ചന്ദ്രിക അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മാലിന്യപ്ലാന്റിന് മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. 500ഓളം വരുന്ന പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. പ്ലാന്റിലേക്ക് മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചയാകുമ്പോഴേക്കും വിളപ്പില്‍ശാല പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പതിനായിരത്തോളം ആളുകള്‍ ഇവിടെ തമ്പടിച്ചിരുന്നു. ഒരുമണിയോടെ പോലീസ് സംരക്ഷണത്തില്‍ മാലിന്യലോറികള്‍ ഇവിടെയെത്തി. എന്നാല്‍ പ്ലാന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. മുന്‍നിരയില്‍ കുട്ടികളെയും അതിന് പിന്നില്‍ സ്ത്രീകളെയും വൃദ്ധജനങ്ങളെയും ഏറ്റവും പിറകില്‍ പുരുഷന്മാരെയും അണിനിരത്തിയായിരുന്നു സമരപ്രവര്‍ത്തകര്‍ ലോറികള്‍ തടഞ്ഞത്.

സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യമുണ്ടായത്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനാവില്ലയെന്ന നിലപാടില്‍ ജനങ്ങള്‍ ഉറച്ചുനിന്നതോടെ പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചു. ലോറികള്‍ക്ക് മുന്നിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളില്‍ ചിലരെ വനിതാ പോലീസിന്റെ സഹായത്തോടെ പോലീസ് അറസ്റ്റുചെയ്തു. ആദ്യം സമാധാനപരമായി അറസ്റ്റുവരിച്ച സ്ത്രീകള്‍ പിന്നീട് പോലീസിനെ എതിര്‍ക്കാന്‍ ശ്രമിച്ചു. നിലത്ത് കിടന്ന സ്ത്രീകളെ വനിതാപോലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത് മറ്റ് സ്ത്രീകള്‍ ചേര്‍ന്ന് തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി. ഇതിനിടയില്‍ ഒരു സ്ത്രീ ബോധംകെട്ട് വീഴുകയും ചെയ്തു. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയെയും പോലീസ് അറസ്റ്റുചെയ്തു. സ്ത്രീകള്‍ക്കൊപ്പം ചില സമരസമിതി നേതാക്കളെയും പോലീസുകാര്‍ അറസ്റ്റുചെയ്തു.

ഉച്ചയ്ക്ക് പ്രതിഷേധക്കാര്‍ ഊണു കഴിക്കാന്‍ ആരംഭിച്ചതോടെ പോലീസ് അറസ്റ്റു ചെയ്യാതെ മാറി നിന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ഊണു തുടര്‍ന്നതോടെ പ്രതിഷേധക്കാരുടെ തന്ത്രമാണിതെന്ന് പോലീസിന് മനസ്സിലായി.

ഇതിനിടെ അറസ്റ്റിലായവരെ സംഭവസ്ഥലത്തുനിന്നും മാറ്റുന്നതിനായി കൂടുതല്‍ പോലീസ് വണ്ടികള്‍ സ്ഥലത്തെത്തി. ഒപ്പം ഒരു വാനില്‍ പോലീസും. എന്നാല്‍ അറസ്റ്റിലാക്കപ്പെട്ടവരെ കൊണ്ടുപോകുന്ന വണ്ടി സമരക്കാര്‍ തടഞ്ഞു. ഇതിനിടെ ചില ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്കുനേരെ കല്ലെറിഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ ഒരു എസ്.ഐ.ക്ക് പരുക്കേറ്റിട്ടുണ്ട്.

അതിനിടെ, ജില്ലാ പഞ്ചായത്ത് അംഗത്തെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഒരുവിഭാഗം നാളെ വിളപ്പില്‍ശാലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ജില്ലാ പോലീസ് മേധാവിയും എ.ഡി.എമ്മും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഒടുക്കം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്നത്തെ നടപടികള്‍ നിര്‍ത്തിവെച്ചതായി പോലീസ് മേധാവികള്‍ അറിയിച്ചു. ഭാവി നടപടികള്‍ ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസ് നടപടി അവസാനിച്ചുവെന്ന പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.

vilappil-salaവിളപ്പില്‍ശാല മാലിന്യപ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനാവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മാലിന്യങ്ങള്‍ നിറച്ച ലോറികള്‍ വിളപ്പില്‍ശാലയിലെത്തിയത്. വിളപ്പില്‍ശാലയിലേക്ക് ഇനി നഗരസഭയുടെ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരി രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ‘ നഗരസഭയിലെ ജനങ്ങള്‍ക്ക് പനിയും വയറിളക്കവും പകര്‍ച്ചവ്യാധിയും പടരുന്നുവെന്നാണ് മേയറുടെ ആധി. അതേപോലത്തെ ജനങ്ങളാണ് വിളപ്പില്‍ പഞ്ചായത്തിലുള്ളത്. അവര്‍ക്കും വരും ഈ രോഗങ്ങള്‍.’ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോടതിവിധിയെ തങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടാണ് പഞ്ചായത്തിട്ട പൂട്ട് പോലീസ് പൊളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത്. എന്നാല്‍ മാലിന്യനീക്കം പുനരാരംഭിക്കുകയെന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 21 ന് വിളപ്പില്‍ പഞ്ചായത്തും, സമരസമിതിയും നേമം ബ്ലോക്കും ചേര്‍ന്നാണ് വിളപ്പില്‍ ശാല മാലിന്യ ഫാക്ടറി പൂട്ടിയത്. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചായത്തിന്റെ നടപടി. പ്ലാന്റ് നിര്‍മ്മിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അതുകൊണ്ട് പ്ലാന്റ് പൂട്ടുന്നു എന്നായിരുന്നു അധികൃതരുടെ വാദം. പ്ലാന്റ് പൂട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ നീക്കം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു.

ഇതേത്തുടര്‍ന്ന് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഈ പ്ലാന്റ് സംസ്ഥാനത്തെ വലിയ പ്ലാന്റുകളില്‍ ഒന്നാണ്. ഇത് പൂട്ടിയിടുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാവുമെന്നും മാലിന്യ സംസ്‌ക്കരണ ശാലയുടെ പൂട്ടുപൊളിച്ച് മാലിന്യ സംസ്‌ക്കരണം പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു.

Malayalam News

Kerala News in English