തിരുവനന്തപുരം: മുണ്ടൂരില്‍ സി.പി.ഐ.എം അച്ചടക്ക നടപടിക്ക് വിധേയനായ പി.എ ഗോകുല്‍ ദാസിന് ശിക്ഷയില്‍ ഇളവ്. ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി . സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ സംസ്ഥാന കമ്മിറ്റിയംഗം എളമരം കരീമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഗോകുല്‍ ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനെതിരെ ശക്തമായ എതിര്‍പ്പായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നത്. വി.കെ സുധാകരനായിരുന്നു ഗോകുല്‍ ദാസിന് പകരം ഏരിയാ സെക്രട്ടറിയായത്.

Ads By Google

മുണ്ടൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിന്റെ ഹരജി പരിഗണിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സമിതി എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു.

തന്നെ ഏരിയാ സെക്ട്രറി സ്ഥാനത്ത് നിന്ന് തരം താഴ്ത്തിയ നടപടിക്കെതിരെ ഗോകുല്‍ദാസ് സംസ്ഥാന കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് എളമരം കരീമിനെ സി.പി.ഐ.എം നേതൃത്വം ചുമതലപ്പെടുത്തിയത്.

ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയതിനെ തുടര്‍ന്ന് വി.എസ് അനുഭാവികളുടെ നേതൃത്വത്തില്‍ പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചിരുന്നു.

ഗോകുല്‍ ദാസിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പുറത്ത് പോയവരുടെ നേതൃത്വത്തിലായിരുന്നു പുതിയ ഏരിയാ കമ്മിറ്റി രൂപീകരണം.

ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തുടരാനനുവദിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു സംസ്ഥാന നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഗോകുല്‍ ദാസിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വിമതപക്ഷം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഗോകുല്‍ ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.