മുംബൈ: മുനാഫ് പട്ടേലിന് വീണ്ടും പിഴ. എതിര്‍ടീമിനെതിരെ മോശമായ ആംഗ്യം കാണിച്ചതിനെ തുടര്‍ന്നാണ് മുനാഫില്‍ നിന്നും പിഴയീടാക്കിയത്. ഞായറാഴ്ച വാങ്കഡെ സ്‌റ്റേഡിയത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം. മാച്ച് ഫീയുടെ 50% മാണ് പിഴയായി നല്‍കേണ്ടത്.

കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ പഞ്ചാബ് ഓപ്പണര്‍ നിതിന്‍ സൈനിയ്ക്കാണ് മുനാഫ് മോശം ആംഗ്യം കാണിച്ചത്. ആര്‍ട്ടിക്കിള്‍ 2.1.4 പ്രകാരം ലെവല്‍ 1ല്‍ ആണ് മുനാഫിനെതിരെ കുറ്റം ചുമത്തപ്പെട്ടത്. കളിയെ അപമാനിച്ചു എന്ന് ആര്‍ട്ടിക്കിള്‍ 2.1.8 പ്രകാരവും മുനാഫിനു മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

മുനാഫ് തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സമ്മതിക്കുകയും പിഴ അടയ്ക്കാന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുനാഫിനു മേല്‍ കുറ്റം ചുമത്തിയത് ലെവല്‍ 1ല്‍ ആയതിനാല്‍ അന്തിമ തീരുമാനം കളിയുടെ റഫറിയുടേതായിരുന്നു.

ഐ.പി.എല്‍ സീസണ്‍ അഞ്ചില്‍ ഇതു രണ്ടാം തവണയാണ് മുനാഫ് പട്ടേല്‍ ആരോപണ വിധേയനാകുന്നത്. അമ്പയര്‍മാരുമായി കയര്‍ത്തു സംസാരിച്ചതിന് മാച്ചിന്റെ 25 ശതമാനം പിഴയടക്കേണ്ടി വന്നിരുന്നു.

Malayalam News

Kerala News in English