എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ശക്തി മില്‍സ് കൂട്ടബലാത്സംഗം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം
എഡിറ്റര്‍
Friday 21st March 2014 4:17pm

mumbai-gange-rape-convicts

മുംബൈ: മുംബൈയില്‍ ശക്തി മില്‍സിനടുത്ത് വെച്ച് 19 കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. വിജയ് യാദവ് (19), മുഹമ്മദ് കാസിം ഷെയ്ഖ് എന്ന കാസിം ബംഗാളി (21), മുഹമ്മദ് അന്‍സാരി (28), മുഹമ്മദ് അഷ്ഫാക് ഷെയ്ഖ് എന്നിവരാണ് ജീവപര്യന്ത്യം തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശാലിനി ഫന്‍സാല്‍കര്‍ ജോഷിയാണ് കേസില്‍ ശിക്ഷവിധിച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍ വാസന ഉണ്ടെന്നും ആറ്രവും കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ കുറ്റം ആവര്‍ത്തിക്കാതിരിക്കുവെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം കോടതിയില്‍ പറഞ്ഞു.

അതേ സമയം ശക്തി മില്‍സ് പരിസരത്തുവെച്ചു തന്നെ വനിതാ ഫോട്ടോജേര്‍ണലിസ്റ്റിനെ കൂട്ടബലാത്സംഗെ ചെയ്ത കേസില്‍ കോടതി മാര്‍ച്ച് 24 ന് ശിക്ഷ വിധിക്കും.

കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇവരില്‍ മൂന്ന് പേര്‍ രണ്ട് കേസിലും പ്രതികളാണ്. വിജയ് യാദവ്, സലിം അന്‍സാരി, കാസിം ഷെയ്ഖ് എന്ന കാസിം അന്‍സാരി എന്നിവരാണ് രണ്ട് കേസിലെയും പ്രതികള്‍.

ശകതി മില്‍സ് പരിസരത്തുനടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ആറ് പേരെയാണ്  പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നടക്കുകയാണ്.

സഹപ്രവര്‍ത്തകനൊപ്പം ചിത്രങ്ങളെടുക്കാന്‍ ശക്തി മില്‍സ് പോയ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് കഴിഞ്ഞവര്‍ഷം ആഗസ്ത് 22 നും ടെലിഫോണ്‍ ഓപ്പറേറ്റര്‍ ജൂലായ് 31 നുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഫോട്ടോ ജേര്‍ണലിസ്റ്റ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ് അന്വേഷണത്തിനിടയിലാണ് മറ്റൊരു സ്ത്രീയും ഇവിടെവച്ച് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

ശക്തി മില്‍സ് പരിസരത്ത് ചേരികളില്‍ താമസിക്കുന്ന തൊഴില്‍രഹിതരാണ് പ്രതികള്‍. കൂടുതല്‍ സമയവും വിജനമായ ശക്തി മില്‍സ് പരിസരത്ത ്ചിലവഴിച്ചിരുന്ന ഇവര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Advertisement