മുംബൈ: മുംബൈ തീരത്തുനിന്ന് എണ്ണ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ മുംബൈപോലീസ് ഞായറാഴ്ച്ച അറസ്റ്റ് ചെയ്തു. എണ്ണ കടത്താന്‍ ഉപയോഗിച്ചെന്ന കരുതപ്പെടുന്ന കപ്പല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

അബ്ദുല്‍ കാദര്‍ (35), അക്ബര്‍ പിങ്കാര്‍ (45) എന്നിവരെയാണ് ഇന്നലെ ദോഗ്രി മേഖലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് മുംബൈ സിറ്റിയില്‍ നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്തിരുന്ന ‘സാഗര്‍ സേവക്’ എന്ന കപ്പല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈ പോലീസ് കമ്മീഷണര്‍ അരൂപ് പട്‌നായിക് രൂപം നല്‍കിയ സ്‌പെഷ്യല്‍ ഡിക്റ്റക്ഷന്‍ സ്‌കോഡാണ് ഈ വിവരം പുറത്തുവിട്ടത്.

രാജ് എന്നയാളുടെ പേരിലുള്ളതാണ് കപ്പല്‍. അയ്യാള്‍ ഇപ്പോള്‍ ഒളിവിലാണ്. കസ്റ്റഡിയിലെടുക്കുമ്പോള്‍ കപ്പലില്‍ എണ്ണയുണ്ടായിരുന്നില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മുംബൈ കേന്ദ്രമാക്കി എണ്ണ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഉള്‍കടലില്‍ നിയമവിരുദ്ധമായിയെത്തുന്ന ഡീസല്‍, സാഗര്‍ സേവകില്‍ വിദൂര ദേശങ്ങളില്‍ എത്തിക്കുകയാണ് എണ്ണകടത്തുകാരുടെ പ്രവര്‍ത്തനരീതിയെന്നും പോലീസ് പറഞ്ഞു.