മുംബൈ: അട്ടിമറി പ്രതീക്ഷയുമായെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ നാലുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ നിന്നും മുന്നേറി. വെള്ളിയാഴ്ച്ച ബാംഗ്ലൂരിനെ തോല്‍പ്പിക്കാനായാല്‍ മാത്രമേ മുംബൈക്ക് കലാശപ്പോരാട്ടത്തില്‍ കളിക്കാന്‍ കഴിയൂ.

മികച്ച ബൗളിംഗാണ് മുംബൈയ്ക്ക് ജയമൊരുക്കിയത്. ശക്തമായ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയെ 147ല്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്ക് കഴിഞ്ഞു. ഗംഭീറും (4) കാലിസും (7), തിവാരിയും (4) ഗോസ്വാമിയും (0) നേരത്തേ കൂടാരം കയറിയപ്പോള്‍ കൊല്‍ക്കത്ത നൂറുതികയ്ക്കാന്‍ തന്നെ ബുദ്ധിമുട്ടുമെന്ന് തോന്നിച്ചു. എന്നാല്‍ ഡോച്ചെറ്റും (49 പന്തില്‍ 70 നോട്ടൗട്ട്) ഷക്കീബ് അല്‍ ഹസനും(26) പഠാനും (26) കൂടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോറിലെത്തുകയായിരുന്നു.

നാലോവറില്‍ 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത മുനാഫ് പട്ടേല്‍ മുംബൈയ്ക്കായി മികച്ച ബൗളിംഗ് നടത്തി. ലക്ഷ്യം വളരെപ്പെട്ടെന്ന് നേടാന്‍ ഇറങ്ങിയ മുംബൈയ്ക്ക് നല്ല തുടക്കമാണ് സച്ചിനും ബ്ലിസാര്‍ഡും കൂടി സമ്മാനിച്ചത്. ബ്ലിസാര്‍ഡ് 51 റണ്‍സും സച്ചിന്‍ 36 റണ്‍സുമെടുത്തു. എന്നാല്‍ രോഹിത് ശര്‍മയും (0)പൊള്ളാര്‍ഡും (3) പെട്ടെന്ന് പുറത്തായതോടെ മുംബൈയും അപകടം മണത്തു. പക്ഷേ ഒരറ്റത്ത് ഉറച്ചുനിന്ന ഫ്രാങ്ക്‌ലിന്‍ (29) മുംബൈയുടെ ജയം ഉറപ്പിക്കുകയായിരുന്നു. മുനാഫ് പട്ടേലാണ് കളിയിലെ താരം.