എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ അമ്പയറിനെതിരെ ലൈംഗിക ആരോപണവുമായി ഇന്ത്യന്‍ മോഡല്‍
എഡിറ്റര്‍
Wednesday 15th August 2012 12:16pm

മുംബൈ: പാക്കിസ്ഥാന്‍ അമ്പയര്‍ ആസാദ് റൗഫിനെതിരെ ലൈംഗിക ആരോപണം.  മുംബൈയില്‍ മോഡലായ ലീനാ കപൂറാണ് ആസാദിനെതിരെ ലൈംഗികാരോണക്കുറ്റത്തിന് കേസ് നല്‍കിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് പാനല്‍ അംഗം കൂടിയാണ് ആസാദ്.

Ads By Google

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി. ഒരു സുഹൃത്തുവഴി ശ്രീലങ്കയില്‍ വെച്ചാണ് റൗഫിനെ പരിചയപ്പെട്ടതെന്നും മൂന്ന് ദിവസത്തോളം ശ്രീലങ്കയില്‍ ഒരുമിച്ചുണ്ടായിരുന്നതായും ലീന പറയുന്നു.

ഐ.പി.എല്‍ ടൂര്‍ണമെന്റിനുള്‍പ്പെടെ ഇന്ത്യയിലെത്തിയപ്പോള്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെന്നും തന്നെ വിവാഹം ചെയ്‌തോളാമെന്ന്‌ പറഞ്ഞതായും ലീന പറയുന്നു.

തനിക്ക് മറ്റൊരു ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും എന്നാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതിനെ തന്റെ മതം അംഗീകരിക്കുന്നുണ്ടെന്നും വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്നും ഇയാള്‍ പറഞ്ഞതായി ലീന പരാതിയില്‍ പറയുന്നു.

എന്നാല്‍ പിന്നീട് പല തവണ വിവാഹക്കാര്യം ഓര്‍മിപ്പിച്ചെങ്കിലും അടുത്തുതന്നെയുണ്ടാകുമെന്ന മറുപടി നല്‍കി ആസാദ്  ഒഴിയുകയായിരുന്നു. എന്നാല്‍ പിന്നീട് തന്നെ വിളിക്കാത്ത സ്ഥിതിയായെന്നും തിരിച്ചുവിളിച്ചപ്പോള്‍ പ്രതികരണം ഒന്നും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചതായുള്ള ഇന്ത്യന്‍ മോഡലിന്റെ ആരോപണം ആസാദ് റൗഫ് നിഷേധിച്ചു. ലീന പുറത്തുവിട്ട ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ യഥാര്‍ഥമാണെന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നും റൗഫ് പറഞ്ഞു.

തന്റെ ഫാനാണെന്ന് പരിചയപ്പെടുത്തിയാണ് ലീന തങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുത്തതെന്നും ബോളിവുഡില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്കു ലീനയെ ശിപാര്‍ശ ചെയ്യാന്‍ തന്നോടു ആവശ്യപ്പെട്ടിരുന്നതായും റൗഫ് വെളിപ്പെടുത്തി.

ലീനയുടെ നിര്‍ബന്ധത്തിനുവഴങ്ങി ചാനലുമായി താന്‍ ബന്ധപ്പെട്ടതായും എന്നാല്‍ ശിപാര്‍ശയിലൂടെയുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായും റൗഫ് പറഞ്ഞു. ഇതോടെ താന്‍ ലീനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement