ചെന്നൈ: മൂന്നാമത് ചാംപ്യന്‍സ് ലീഗ് ടി-20 കിരീടം മുംബൈ ഇന്ത്യന്‍സിന് . ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ചാംപ്യന്‍മാരായത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം

സ്‌കോര്‍: മുംബൈ: 139, ബാംഗ്ലൂര്‍: 19.2 ഓവറില്‍ 108ന് ഓള്‍ഔട്ട്

Subscribe Us:

140 എന്ന താരതമ്യന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയാണ് മുംബൈ ആദ്യമായി ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ്ങാണ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങിയത്. മുംബൈക്കു വേണ്ടി മലിംഗ, അഹമ്മദ്, ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്്ത്തി.

ആറാമത്തെ ഓവറില്‍ തന്നെ അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഹര്‍ഭജന്‍ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 27 റണ്‍സെടുത്ത ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനെ മലിംഗയും കൂടാരം കയറ്റി. പതിനൊന്നാം ഓവറില്‍  ഹര്‍ഭജന്‍ ഫോമിലുള്ള വിരാട് കോഹ് ലിയെയും പതിമൂന്നാം ഓവറില്‍ സ്പിന്നര്‍ ചഹാല്‍ അരുണ്‍ കാര്‍ത്തിക്കിനെയും പുറത്താക്കിയതോടെ ബാംഗ്ലൂര്‍ 74ന് അഞ്ച് എന്ന നിലയിലായി.

പതിനേഴാം ഓവറില്‍ ഹര്‍ഭജന്‍ വീണ്ടും വിക്കറ്റ് പിഴുതു. ഇത്തവണ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി ആയിരുന്നു ബാജിയുടെ ഇര. തൊട്ട് മുമ്പ് കീരണ്‍ പൊള്ളാര്‍ഡ് മുഹമ്മദ് കെയ്ഫിന്റെ വിക്കറ്റും വീഴ്ത്തിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ണമായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 41 റണ്‍സ് നേടിയ ജെയിംസ് ഫ്രാങ്ക്‌ളിന്റെ മികവിലാണ് 139 റണ്‍സ് സ്വന്തമാക്കിയത്. സൂര്യ കുമാര്‍ യാദവ്(24), അമ്പാട്ടി റായിഡു(22), ലസിത് മലിംഗ(16) എന്നിവരും മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 20 ഓവറില്‍ 139 റണ്‍സ് നേടിയ മുംബൈ ഓള്‍ഔട്ടാകുകയായിരുന്നു. ഹര്‍ഭജന്‍ സിംഗാണ് കളിയിലെ കേമന്‍. ടൂര്‍ണമെന്റിലുടനീളം ബാറ്റ് കൊണ്ടും ബൗളു കൊണ്ടും മികച്ച പ്രകചനം പുറത്തെടുത്ത് ലസിത് മലിംഗയയെയാണ് മാന്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുത്തത്.