എഡിറ്റര്‍
എഡിറ്റര്‍
സമരത്തെ നേരിടാന്‍ റിക്രൂട്ട്‌മെന്റ് രീതിയുമായി മുംബൈ ആശുപത്രികള്‍: നഴ്‌സുമാര്‍ കരാര്‍ ജോലിക്കാര്‍ മാത്രം
എഡിറ്റര്‍
Friday 23rd March 2012 10:16am

മുംബൈ: നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത് പ്രതിരോധിക്കാന്‍ മുംബൈയിലെ ആശുപത്രികള്‍ ഏജന്‍സികളില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇങ്ങനെ വരുമ്പോള്‍ ജോലി ഒഴികെ മറ്റൊന്നിലും ആശുപത്രിയുമായി നഴ്‌സുമാര്‍ക്ക് ബന്ധമുണ്ടാവില്ല.  നഴ്‌സുമാരുടെ ശമ്പളം, അലവന്‍സ്, പ്രോവിഡന്റ്ഫണ്ട്, തുടങ്ങി ഒരു കാര്യത്തിലും ആശുപത്രിക്ക് ഒരു ബാധ്യതയുമില്ലാത്ത രീതിയിലാണ് മുംബൈ നഗരത്തിലെ പല ആശുപത്രികളിലും നഴ്‌സിങ് റിക്രൂട്ട്‌മെന്റ്. റിക്രൂട്ട്‌മെന്റ് ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ശമ്പളം വരെ നല്‍കുന്നത് ഏജന്‍സികളാണ്.

കഴിഞ്ഞ മാസങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ പലയിടങ്ങളിലും ശമ്പളവര്‍ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. നഴ്‌സുമാര്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് ആശുപത്രികള്‍ റിക്രൂട്ട്‌മെന്റ് രീതി പിന്‍തുടരാന്‍ കാരണം.

മുംബൈയിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ ഭൂരിപക്ഷവും നഴ്‌സുമാരെ നിയമിക്കുന്നത് ഇപ്പോള്‍ ഈ രീതിയിലാണ്. ജോലിയുമായി ബന്ധപ്പെട്ട് അവകാശങ്ങള്‍ ഉന്നയിക്കാനോ പ്രതിഷേധിക്കാനോ ഇതുമൂലം ഇവര്‍ക്ക് കഴിയാതെ വരും. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് പകരം ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റായിരിക്കും ഇവര്‍ക്ക് നല്‍കുക. നിലവിലുള്ള ബോണ്ട് സമ്പ്രദായവും മറ്റും പുതിയ സംവിധാനത്തിലില്ല എന്നത് മാത്രമാണ് നഴ്‌സുമാര്‍ക്ക് ഗുണകരം. സ്ഥിരമായി ഒരു ആശുപത്രിയില്‍ നിര്‍ത്താതെ ചെറിയ കാലയളവില്‍ പലയിടത്തായി നഴ്‌സുമാരെ അയയ്ക്കാനും ഏജന്‍സികള്‍ക്ക് കഴിയും. നഴ്‌സിങ് മേഖല തന്നെ കരാര്‍ ജോലിയുടെ മോശമായ അവസ്ഥയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയുമാണ് ഇത് മൂലം സംഭവിക്കുക എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

റിക്രൂട്ട് ചെയ്യപ്പെുന്ന നഴ്‌സുമാരുടെ ഉത്തരവാദിത്തം മുഴുവന്‍ ഏജന്‍സിക്കായിരിക്കും. നഴ്‌സുമാരുടെ വേതനം മൊത്തമായി ആശുപത്രി മാനേജ്‌മെന്റ് ഏജന്‍സിക്കു കൈമാറും. ഇവര്‍ ഇത് വിതരണം ചെയ്യും. ഇത്തരത്തിലുള്ള നിരവധി ഏജന്‍സികള്‍ മുംബൈയിലുണ്ട്. ചില ഏജന്‍സികള്‍ നഴ്‌സുമാര്‍ക്കായി ഹോസ്റ്റലുകള്‍ വരെ തുടങ്ങിക്കഴിഞ്ഞു.  മുംബൈയിലെ നാല് ഏജന്‍സികള്‍ ഈ രീതിയില്‍ അഞ്ഞൂറിലധികം നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Malayalam news

Kerala news in English

Advertisement