മുംബൈ: കമ്യൂണിസ്റ്റ് ആശയപ്രചാരണം ഒരിക്കലും ഭീകരവാദമാകില്ലെന്ന് മുംബൈ ഹൈക്കോടതി. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള അഭിനിവേശം ഒരാളെ തീവ്രവാദിസംഘടനകളില്‍ അംഗമെന്ന മുദ്രകുത്താന്‍ കാരണമാകില്ലെന്നും കോടതി പറഞ്ഞു.

Ads By Google

നിരോധിക്കപ്പെട്ട മാവോവാദി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളെന്ന് മുദ്രകുത്തി രണ്ടുവര്‍ഷംമുമ്പ് അറസ്റ്റിലായ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അഭയ് തിപ്‌സെയാണ് ഇങ്ങനെ വിധി പ്രസ്താവിച്ചത്.

2011 ഏപ്രിലില്‍ അറസ്റ്റിലായ ധവള ദെംഗലെ, സിദ്ധാര്‍ഥ് ഭോസ്‌ലെ, മയൂരി ഭഗത്, അനുരാധ സൊന്യൂള്‍ എന്നിവര്‍ക്കാണ് 30,000 രൂപ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങാന്‍ അനുമതി ലഭിച്ചത്.

ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ അക്രമങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ ഒരുങ്ങുകയായിരുന്നുവെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സാമൂഹികപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും സമൂഹഘടനയില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ദേശവിരുദ്ധപ്രവര്‍ത്തനമായി വ്യാഖ്യാനിക്കാനാവില്ലവിധിന്യായത്തില്‍ ജസ്റ്റിസ് തിപ്‌സെ രേഖപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നിരോധിതപ്പട്ടികയില്‍ പെടുത്തിയ മാവോവാദി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളെന്ന് മുദ്രകുത്തി അറസ്റ്റിലായ ഇവരില്‍നിന്ന് കമ്യൂണിസ്റ്റ് സാഹിത്യങ്ങളടങ്ങിയ ലഘുലേഖകളും സിഡികളും കണ്ടെടുത്തിരുന്നു.

ഇവര്‍ക്കെതിരെ നിലനില്‍ക്കത്തക്ക തെളിവുകളില്ലെന്നും ലഘുലേഖകള്‍ കണ്ടെടുത്തത് ആ സംഘടനയില്‍ അംഗങ്ങളായി കരുതാന്‍ ന്യായമായ കാരണമല്ലെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മിഹിര്‍ ദേശായി വാദിച്ചു.