എഡിറ്റര്‍
എഡിറ്റര്‍
മുംബൈ കൂട്ടബലാത്സംഗം: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍
എഡിറ്റര്‍
Thursday 20th March 2014 12:50pm

mumbai-gang-rape

മുംബൈ: നഗരമധ്യത്തില്‍ വെച്ച് മാധ്യമ ഫോട്ടോഗ്രാഫറായ യുവതി, ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്നിവരെ കൂട്ടബലാത്സംഗം ചെയ്ത കേസുകളില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി വിധി. ശിക്ഷ പിന്നീട് വിധിക്കും. കേസിന്റെ വിധി കേള്‍ക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീലും കോടതിയിലെത്തിയിരുന്നു.

വിജയ് ജാദവ്, കസിം ബംഗാളി, സലീം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവരാണ് ആദ്യ കേസ് പ്രതികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.

വിജയ് ജാദവ്, കസിം ബംഗാളി, സലീം അന്‍സാരി എന്നിവരെ കൂടാതെ മുഹമ്മദ് അഫ്‌സാക്ക് ഷേക്ക് എന്നയാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുമാണ് ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റക്കാര്‍.

2013 ഓഗസ്റ്റ് 22 നാണ് മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പൂട്ടിയിട്ടിരിക്കുന്ന മില്ലുകളെക്കുറിച്ച് ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ഫോട്ടോ എടുക്കാന്‍ സഹപ്രവര്‍ത്തകനൊപ്പം മുംബൈ പരേലിലെ ശക്തി മില്ലില്‍ എത്തിയ യുവതിയാണ് കൂട്ടബലാംത്സംഗത്തിന് ഇരയായത്.

യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന  സഹപ്രവര്‍ത്തകനെ കെട്ടിയിട്ടാണ് അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആശുപത്രിയില്‍ എത്തിയശേഷമാണ് സംഭവം പുറത്തറിഞ്ഞത്.

ഈ സംഭവത്തിന് മുന്‍പ് 2013 ജൂലായ് 31ന് ഇതേ പ്രതികളില്‍ മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ചേര്‍ന്നാണ് പതിനെട്ട് വയസ്സുകാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാംത്സംഗത്തിന് ഇരയാക്കിയത്. ശക്തി മില്ലില്‍ വെച്ച് തന്നെയായിരുന്നു ഈ സംഭവവും നടന്നത്.

Advertisement