മുംബൈ: 10 വയസുമുതല്‍ ലൈംഗികതൊഴിലാളിയാവാന്‍ നിര്‍ബന്ധിതയായ യുവതിയാണ് ഐഷ. ഇന്ന് ഐഷയുടെ ജീവിതം നിരവധി ലൈംഗിക തൊഴിലാളികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

ഡാന്‍സ് ബാറില്‍ നിന്നും ഐഷയെ ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഐഷ പിന്നീട് ഇയാളുടെ ഭാര്യയായി. ഇപ്പോള്‍ ലൈംഗിക തൊഴിലാളികളെ മുഖ്യധാര സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍.

‘ ഐഷ ദീദി ഞങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവരോട് പറയും. അവര്‍ അത് പരിഹരിക്കാന്‍ സഹായിക്കുന്നു. അവര്‍ ഞങ്ങള്‍ക്ക് പാന്‍കാര്‍ഡ് തന്നു.’ ഒരു ലൈംഗിക തൊഴിലാളി പറയുന്നു.

ലൈംഗിക തൊഴിലാളികളെ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ വേണ്ട സഹായങ്ങളും ഐഷ ചെയ്തു നല്‍കുന്നുണ്ട്. ‘ എന്റെ മകള്‍ വിവാഹ പ്രായമെത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ വിവാഹം കഴിപ്പിച്ചയക്കാനാവശ്യമായ പണം ഇല്ല. ആത്മഹത്യ ചെയ്താലോ എന്നു പോലും ഞാനാലോചിച്ച സമയമായിരുന്നു അത്. എന്നാല്‍ ഐഷ ഞങ്ങളെ സഹായിച്ചു. ഇപ്പോള്‍ എന്റെ മകള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായി സുഖജീവിതം നയിക്കുന്നു.’ മറ്റൊരു ലൈംഗിക തൊഴിലാളി പറഞ്ഞു.

ആസ്ത പരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രാന്തി മഹിളാ സംഘമെന്ന സംഘടനയുടെ പ്രസിഡന്റാണ് ഐഷ. ബില്‍ ആന്റ് മെലിന്റ് ഗെയ്റ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആസ്ത പരിവാര്‍. എച്ച്.ഐ.വി ബാധിതരായവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുക, ആരോഗ്യബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, കോണ്ടം വിതരണം, ഇന്‍ഷുറന്‍സ്, സ്വയം സഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ ആളുകള്‍ക്കിടയില്‍ ശ്രദ്ധനേടി.

‘ഭര്‍ത്താവ് മരിച്ച ഒരു ലൈംഗിക തൊഴിലാളിയുണ്ട് ഇവിടെ. ഭര്‍ത്താവ് മരിച്ചയുടന്‍ വീട്ടുടമസ്ഥന്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കി. ഭര്‍ത്താവിന്റെ മൃതശരീരം അപ്പോഴും ആശുപത്രിയിലായിരുന്നു. പലരില്‍ നിന്നുമായി ഞാന്‍ പണം പിരിച്ച് അവരെ സഹായിച്ചു.’ ഐഷ പറഞ്ഞു.

ലൈംഗിക തൊഴിലാളികള്‍ ഏറെയുള്ള മുംബൈ നഗരത്തില്‍ എച്ച.ഐ.വി ബാധിതരായ ആളുകള്‍ നിരവധിയാണ്. ഈ രോഗം മൂര്‍ച്ഛിക്കുന്നതില്‍ നിന്നും ഐഷയെപ്പോലുള്ളവര്‍ ഇവരെ സംരക്ഷിക്കുന്നു. മുംബൈയില്‍ വരാനിരിക്കുന്ന ബി.എം.സി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയാണ് ഐഷ.