ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ കമാന്‍ഡര്‍ സക്കീവുര്‍ റഹ്മാന്‍ ലഖ് വി ഉള്‍പ്പെടെ ഏഴു പേരുടെ വിചാരണ പാക് തീവ്രവാദ വിരുദ്ധ കോടതി ഈ മാസം 16 വരെ നീട്ടി. കേസിലെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന വാദിഭാഗം അഭിഭാഷകന്റെ ഹരജിയും ഇതേ ദിവസം പരിഗണിക്കും.

വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്.

Subscribe Us:

മുബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട അജ്മല്‍ അമീര്‍ കസബിനെയും വെറുതെവിട്ട ഫാഹിം അന്‍സാരിയെയും വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷന്‍ നടപടി തടയാനാവശ്യപ്പെട്ടാണ് പ്രതിഭാഗം ഹരജി സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ മറുപടി ബോധിപ്പിക്കുന്നതിനായി വിചാരണ നീട്ടിവയ്ക്കണമെന്നു എഫ്‌ഐഎയ്ക്കു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ചൗധരി സുള്‍ഫിക്കര്‍ ആവശ്യപ്പെട്ടു. ചൗധരി അസ്ഹര്‍ എന്ന അഭിഭാഷകന്‍ ഇതിനായി ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്നു ജഡ്ജി റാണ നിസാര്‍ അഹമ്മദ് വിചാരണ നീട്ടുകയായിരുന്നു.