മുംബൈ: വിവാദ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി ജയില്‍ മോചിതനായി. ഇന്ന് ഉച്ചക്കാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും അസിം മോചിതനായത്. 5000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് ജാമ്യം ലഭിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ) പ്രകാരം തനിക്കെതിരെ ചുമത്തിയ കേസ് പൂര്‍ണമായും പിന്‍വലിക്കാതെ ജാമ്യം വേണ്ടെന്ന നിലപാടിലായിരുന്നു അസിം. കാര്‍ട്ടൂണ്‍ വരച്ചത് കുറ്റകരമായി കണ്ട നിയമത്തെ അംഗീകരിക്കാനാവില്ലെന്നും തന്റെ കാര്‍ട്ടൂണുകളെ കുറിച്ച് അഭിമാനിക്കുന്നെന്നുമായിരുന്നു അസിം പറഞ്ഞത്.

Ads By Google

പിന്നീട് അസിമിനെതിരെയുള്ള കേസിനെകുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം സ്വീകരിക്കാന്‍ അസിം തയ്യാറായത്.

മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ബഹുമാനിച്ച് കൊണ്ടാണ് അസിമിന്റെ തീരുമാനമെന്ന് അഴിമതി വിരുദ്ധ സംഘത്തിന്റെ വാക്താവ് പ്രീതി ശര്‍മ മേനോന്‍ പറഞ്ഞിരുന്നു.

രാജ്യത്ത് പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് വരെ ഞങ്ങളുടെ സമരം തുടരുമെന്നും ഒരു തെറ്റും ചെയ്യാത്ത 
തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അംഗീകരിക്കാനാവില്ലെന്നും അസിം വ്യക്തമാക്കി. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അസിം പറഞ്ഞു.

ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് അസിമിനെ അറസ്റ്റ് ചെയ്തത്. മുംബൈ പ്രാദേശിക കോടതിയാണ് അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് അസിം ബാന്ദ്ര പോലീസില്‍ കീഴടങ്ങുകയായിരുന്നു.

‘ഗ്യാംങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ത്രിവര്‍ണ സാരിയുടുത്തുനില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ആക്രമിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോക ചക്രത്തിലെ സിംഹങ്ങള്‍ക്ക് പകരം കുറുക്കന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി ചിത്രീകരിച്ച കാര്‍ട്ടൂണും വിവാദമായിരുന്നു.