മുംബൈ: ബാജിയുടെ ബൗളിംഗില്‍ ചെന്നൈ മുട്ടുകുത്തി. മുംബൈ ഇന്ത്യന്‍സിന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ എട്ടു റണ്‍സ് വിജയം. മുംബൈയുടെ 165 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മുംബൈയുടെ താളം പിഴച്ചു. ഓപ്പണര്‍മാരായ സച്ചിനും രാജഗോപാലും പുറത്തായതോടെ പരുങ്ങലിലായ മുംബൈ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് മാന്യമായ സ്‌കോറിലെത്തിയത്.

Subscribe Us:

രാജഗോപാല്‍ റണ്‍സൊന്നുമെടുക്കാതെയും സച്ചിന്‍ അഞ്ച് റണ്‍സിനുമാണ് പുറത്തായത്. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ പ്രകടനമാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. 48 പന്തില്‍ നിന്ന് 5 സിക്‌സറും 8 ബൗണ്ടറിയും അടിച്ചാണ് രോഹിത് 87 റണ്‍സ് നേടിയത്. തുടര്‍ന്നെത്തിയ അമ്പാട്ടി റായിഡു 27 റണ്‍സും ആന്‍ഡ്രു സൈമണ്ട്‌സ് 31 റണ്‍സും നേടി.

15 ഓവറില്‍ 3 വിക്കറ്റിന് 107 റണ്‍സ് നേടിയ മുംബൈ അവസാന 5 ഓവറില്‍ 57 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ മുംബൈ 164 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗ് മാജിക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഹര്‍ഭജന്റെ വിക്കറ്റ് വേട്ട നിര്‍ണായക ഘട്ടങ്ങളിലായിരുന്നു . 71 റണ്‍സെടുത്ത ബദരീനാഥിനും 41 റണ്‍സെടുത്ത മൈക്ക് ഹസിക്കും മാത്രമാണ് ചെന്നൈയുടെ നിരയില്‍ ശോഭിക്കാനായത്.