ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഐ.പി.എല്‍ നാലാംസീസണില്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറുന്നു. ക്യാപ്റ്റന്‍ ഷെയിന്‍ വോണിന്റെ സ്പിന്‍ കരുത്തില്‍ ആറുവിക്കറ്റിനാണ് രാജസ്ഥാന്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒമ്പതുവിക്കറ്റിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേര്‍സിനെ തകര്‍ത്തു.

തുടര്‍ച്ചയായ തോല്‍വികളോടെ ദല്‍ഹി
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു ദല്‍ഹിയുടെ വിധി. ക്യാപ്റ്റന്‍ സെവാഗ് രാജസ്ഥാനെതിരേയും പരാജയമായി. നാലുറണ്‍സെടുത്ത് സെവാഗ് ടെയ്റ്റിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് വേണുഗോപാല്‍ റാവുവും (60) ഡേവിഡ് വാര്‍ണറും (54) നടത്തിയ പ്രകടനത്തിന്റെ മികവില്‍ ദല്‍ഹി 151 റണ്‍സ് നേടുകയായിരുന്നു. നാലോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത വോണാണ് ദെല്‍ഹിയുടെ അന്തകനായത്.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ആദ്യവിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ബോത്തെയും (പുറത്താകാതെ 39), ദ്രാവിഡും (38), മെനാറിയയും (22) രാജസ്ഥാനായി മികച്ച പ്രകടനം നടത്തി. ഒടുവില്‍ ഒമ്പതുപന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ ആറുവിക്കറ്റിന് ജയിക്കുകയായിരുന്നു.

ബാറ്റിംഗ് കരുത്തില്‍ മുംബൈ
മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ബാംഗ്ലൂരിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് മുംബൈ രണ്ടാം വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനെ 140 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈക്ക് സാധിച്ചു. 59 റണ്‍സെടുത്ത ദില്‍ഷനും 38 റണ്‍സെടുത്ത ഡിവില്ലിയേര്‍സും ബാംഗ്ലൂരിനായി പൊരുതി. മുംബൈക്കായി മലിംഗയും പൊള്ളാര്‍ഡും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

തങ്ങളുടെ ബാറ്റിംഗ് എത്ര കരുത്തേറിയതാണെന്ന് തെളിയിക്കുന്നതായിരുന്നു മുംബൈയുടെ പ്രകടനം.ജേക്കബ്‌സ് 22 റണ്‍സിന് പുറത്തായെങ്കിലും സച്ചിനും (55*), അമ്പാട്ടി റായഡുവും (63*) ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.