ഷിക്കാഗോ: എഫ് ബി ഐയുടെ പിടിയിലായ ലഷ്‌കറെ തയിബ ഏജന്റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടു കുറ്റം സമ്മതിച്ചേക്കുമെന്ന് ഷിക്കാഗോയിലെ യു എസ് അറ്റോണി ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച ഹെഡ്‌ലിയെ കോടതിയില്‍ ഹാജരാക്കും.അപ്പോഴാകും കുറ്റസമ്മതം. ഹെഡ്‌ലി കുറ്റം സമ്മതം നടത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വാര്‍ത്താ ഏജന്‍സികളോടു വെളിപ്പെടുത്തിയിട്ടുണ്ട്.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടു ഹെഡ്‌ലിക്കെതിരെ നേരത്തെ ഷിക്കാഗോ കോടതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുംബൈയില്‍ ആക്രമണം നടത്തുന്നതിന് 2005 മുതല്‍ ലഷ്‌കറെ തയിബ പദ്ധതി തുടങ്ങിയിരുന്നെന്നും ആക്രമണത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഹെഡ്‌ലി പലതവണ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജ രേഖകള്‍ നല്‍കിയാണ് ഹെഡ്‌ലി ആക്രമണത്തിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നത്.

സാജിദ് മിര്‍ എന്ന മുന്‍ പാക്ക് കരസേനാ മേജറാണു ഡേവിഡ് ഹെഡ്‌ലിയുടെ ഉപദേശകനും വഴികാട്ടിയുമെന്നാണ് അന്വേഷണസംഘം കണ്ടെത്തല്‍. നരിമാന്‍ ഹൗസ് ആക്രമണത്തിനായി തീവ്രവാദികള്‍ക്കു കെട്ടിടത്തിന്റെ വിവരങ്ങളും രേഖാചിത്രങ്ങളും ഹെഡ്‌ലി കൈമാറിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി നിഷേധിച്ചിരുന്നു.