മുംബൈ: വെടിയൊച്ചകളില്‍ ഉലഞ്ഞുപോകാത്ത മുംബൈയെ കാട്ടിത്തന്ന ഭീകരാക്രമണത്തിന് ഇന്ന്‌ രണ്ട് വയസ്സ്.

അനവധി പേരുടെ ജീവനെടുത്ത ചോരയില്‍ കുതിര്‍ന്ന നവംബര്‍ 26 വീണ്ടുമെത്തുമ്പോള്‍ നഗരം അതിജീവനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതിജ്ഞയെടുക്കും.

ഭീകരാക്രമണ വാര്‍ഷികത്തില്‍ വിവിധ അനുസ്മരണ ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ബൊറിവ്‌ലിയിലെ ചടങ്ങില്‍ അദ്ദേഹത്തെ കൂടാതെ കേന്ദ്ര പെട്രോളിയം മന്ത്രി മുരളിദേവ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ പങ്കെടുക്കും.

ധീരരക്തസാക്ഷി സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛന്‍ പി. ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കുള്ള ശാന്തിയാത്രയും ഉണ്ടാവും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കത്തിച്ച മെഴുകുതിരിയുമായി ശാന്തിയാത്രയില്‍ അണിനിരക്കും.