മുംബൈ: നാലും ദിവസം അടച്ചിട്ടതിനു ശേഷം മുംബൈ എയര്‍പോര്‍ട്ട് പ്രധാന റണ്‍വേ തുറന്നു. തുര്‍ക്കി എയര്‍വേയ്‌സിന്റെ എയര്‍ബസ് 340 വെള്ളിയാഴ്ച ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി മണ്ണില്‍ പൂണ്ട് പോവുകയായിരുന്നു. ഒരു കൂട്ടം എഞ്ചിനീയര്‍മാരുടെ കഠിന പ്രയത്‌നമാണ് നാലു ദിവസം കൊണ്ട് വിമാനം റണ്‍വേയുടെ സമീപത്തു നിന്നും മാറ്റിയത്.

ഇന്ന് പുലര്‍ച്ചയോടെയാണ് വിമാനം മാറ്റിയത്. രാവിലം 6.51ന് റണ്‍വേ തുറന്ന് കൊടുക്കുകയും ചെയ്തു.
പ്രധാന റണ്‍വേയില്‍ നിന്നും 150 കിലോമീറ്റര്‍ മാറിയായിരുന്നു വിമാനം തെന്നി ഇറങ്ങിയത്. വെള്ളിയാഴ്ച മുതല്‍ തുര്‍ക്കി എയര്‍വേയ്‌സിന്റെയും എയര്‍ ഇന്ത്യയുടെയും ഇരുനൂറോളം എഞ്ചിനീയര്‍മാരാണ് വിമാനം മാറ്റുന്നതിനായി പരിശ്രമിച്ചത്. റണ്‍വേ അടച്ചതിനാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി നിരവധി വിമാനങ്ങള്‍ തിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തിരുന്നു. അറ്റകുറ്റപണികള്‍ക്കായി വിമാനം എയര്‍ ഇന്ത്യയിലേക്ക് മാറ്റിയിരിക്കുകയാണ്.