ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച ഉന്നതാധികാരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേരളം  മറുപടി നല്‍കി. ഡാമിലെ ജലനിരപ്പ് ഒരു കാരണവശാലും ഉയര്‍ത്താന്‍ കഴിയില്ലെന്നും അണക്കെട്ട് അപകടാവസ്ഥയിലാണെന്നുമാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്.

മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനായി പുതിയ ഡാമും പുതിയ കരാറുമാണ് വേണ്ടതെന്നും കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചു.

കഴിഞ്ഞമാസം 15നാണ് മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി കേരളത്തോടും തമിഴ്‌നാടിനോടും 5 മുഖ്യവിഷങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ ഡാം ശക്തിപ്പെടുത്താന്‍ എന്തെല്ലാം ചെയ്യേണ്ടിവരും എന്നായിരുന്നു പ്രധാന ചോദ്യം.

ഡാമില്‍ കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദേശിച്ച അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കി. എന്നാല്‍ ഇതുകൊണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ട് ശക്തിപ്പെടുത്താനാവില്ല. ഇക്കാര്യത്തിന് ശാസ്ത്രീയമായ തെളിവുകളും കേരളം മറുപടിയില്‍ ഉള്‍പ്പെടുത്തി.

പുതിയ ഡാമിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യമാണ് രണ്ടാമത്തേത്. പ്രശ്‌ന പരിഹാരത്തിന് പുതിയ ഡാം മാത്രമാണ് സാധ്യത എന്ന് കേരളം അറിയിച്ചു. പുതിയ ഡാമിന്റെ നിര്‍മാണവും ചിലവുകളും കേരളം വഹിക്കും. നിര്‍മാണ സമയത്തോ, അതിനുശേഷമോ തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തില്‍ കുറവുവരില്ല. എന്നാല്‍ വെള്ളം നല്‍കുന്നത് പുതിയ കരാര്‍ പ്രകാരമായിരിക്കും.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മറുപടികള്‍ പരിശോധിച്ചശേഷം അടുത്തമാസം 20മുതല്‍ മുല്ലപ്പെരിയാര്‍ സമിതി ഡാം സന്ദര്‍ശിക്കും.