തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അറ്റക്കുറ്റപണികള്‍ നടത്തി തമിഴ്‌നാട് വിദഗ്ദസമിതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍. കേരളത്തെ അറിയിക്കാതെയുള്ള തമിഴ്‌നാടിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓരോ വര്‍ഷവും മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. കേരളവും തമിഴ് നാടും സംയുക്തമായാണ് പണികള്‍ നടത്താറുള്ളത്. എന്നാല്‍ കേരളത്തെ അറിയിക്കാതെയാണ് തമിഴ്‌നാട് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. സാധാരണ ചെയ്യാറുള്ള അറ്റകുറ്റപ്പണികള്‍ക്കു പുറമേ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തമിഴ്‌നാട് നടത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആശങ്ക വിദഗ്ദസമിതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായ സമിതി 21,22 തീയ്യതികളിലാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.