jayalalitha

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് പ്രതികൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ കരുണാനിധി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും എ ഐ എ ഡി എം കെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജയലളിത.

ഡി എം കെ ഉറച്ച പിന്തുണ നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ തമിഴ് മക്കളെ വഞ്ചിക്കുകയാണെന്ന് ജയലളിത ആരോപിച്ചു. പുതിയ അണക്കെട്ടിന് കേരളം നടത്തുന്ന സര്‍വ്വെ തടയണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. കേരളം പുതിയ അണക്കെട്ട് പണിഞ്ഞാല്‍ തമിഴ്‌നാട്ടിലെ തേനി, മധുര, ഡിന്‍ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കില്ലെന്നും ജയലളിത അനുയായികളെ ഓര്‍മപ്പെടുത്തി. പുതിയ അണക്കെട്ട് പണിയുകയല്ല വേണ്ടതെന്നും നിലവിലുള്ള അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

ഡി എം കെ കോണ്‍ഗ്രസിനെ ഭയപ്പെടുകയാണ്. കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഡി
എം കെക്കുള്ള മന്ത്രിയസ്ഥാനങ്ങളും മറ്റു സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്ന ഭയമാണ് കരുണാനിധിയെ ഭീരുവാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.