പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന് കേരളം. റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കാത്തതിന് തെളിവാണ് കേസ് ഭരണാഘടനാബെഞ്ചിന്റെ പരിഗണനയിലെത്തിയതെന്നും കേരളം പറയുന്നു.

Ads By Google

അണക്കെട്ട് സംബന്ധിച്ച നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സുപ്രീം കോടതി സമിതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തിന് പ്രതികൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ അണക്കെട്ട് സംരക്ഷണ നിയമം പാസ്സാക്കിയതിനെതിരെ തമിഴ്‌നാട് നല്‍കിയ കേസാണ് ഇപ്പോള്‍ സുപ്രിം  കോടതി പരിഗണിക്കുന്നത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മുല്ലപ്പെരിയറിന്റെ  സംഭരണശേഷി കൂട്ടരുതെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ ഇത്  അംഗീകരിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.

അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ വേണ്ടിയാണ് കേരളം നിയമം പാസ്സാക്കിയതെന്നും തമിഴ്‌നാടിന്റെ  അപേക്ഷയില്‍ പറയുന്നു.

ഉന്നതാധികാര സമിതി കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കനുള്ള എല്ലാ രേഖകളും  കേരളം ശേഖരിച്ച് ദല്‍ഹിയിലെത്തിച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി കേസ് വാദിക്കുന്ന ഹരീഷ് സാല്‍വ എല്ലാ രേഖകളും വിശദമായി പഠിച്ച് അന്തിമ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.
തമിഴ്നാടിന്റെ വാദം കൂടി കേട്ടായിരിക്കും കേരളം രേഖകള്‍ സുപ്രീം  കോടതിയില്‍ ഹാജരാക്കുക.