ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാ സമിതിയെ നിശ്ചയിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. ഉന്നതാധികാര സമിതി ഏപ്രില്‍ 30നകം രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇത്തരം ആവശ്യവുമായി മേലില്‍ സുപ്രീം കോടതിയെ സമീപിക്കരുതെന്ന് കോടതി തമിഴ്‌നാടിനോട് നിര്‍ദേശിച്ചു. ഉന്നതാധികാര സമിതിയുടെ ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെയൊരു നിലപാടുമായി കേന്ദ്രം കോടതിയെ സമീപിക്കരുതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും തള്ളി.

Subscribe Us:

സമിതി രൂപവല്‍ക്കരണത്തിലൂടെ സുപ്രീം കോടതി അതിന്റെ അധികാരം കൈമാറുകയാണ് തമിഴ്‌നാടിന് വേണ്ടി ഹാജരായ കെ പരാശരന്‍ വാദിച്ചു. എന്നാല്‍ ഇതിനുള്ള പൂര്‍ണമായ അധികാരം കോടതിക്കുണ്ടെന്ന് ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.

കേരളം രൂപവല്‍ക്കരിച്ച ഡാം സുരക്ഷാ അതോറിറ്റി നിലനില്‍ക്കുമ്പോള്‍ ഉന്നതാധികാര സമിതി വക്കുന്നതിനെതിരെ തമിഴ്‌നാട് ഉന്നയിച്ച വാദവും കോടതി അംഗീകരിച്ചില്ല. തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷയും അവരുടെ ഇന്നത്തെ വാദത്തിലെ പൊരുത്തക്കേടുകളുമാണ് കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

ഡാമിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവുമാണ് കോടതിക്ക് പ്രധാനമെന്നും കോടതിയുടെ ഉത്തരവ് ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വേണ്ടിയല്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.