ന്യൂദല്‍ഹി: വാക്കാലോ രചനകളാലോ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ സര്‍ക്കാരിനെതിരെ വിദ്വേഷം വളര്‍ത്തുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി) വകുപ്പ് 124 എ കാലഹരണപ്പെട്ടതോ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. 

Ads By Google

മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും ഏറെ വിമര്‍ശിച്ചിട്ടുള്ളതാണ് 124 എ വകുപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു. ബ്രിട്ടീഷുകാരുണ്ടാക്കിയ പല നിയമങ്ങളും ഇപ്പോഴും പ്രയോഗത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ കാലോചിതമായും സമഗ്രമായും പരിഷ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.ഐയിലെ ഡി. രാജ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപരമായി പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും അടിച്ചമര്‍ത്താന്‍ 124 എ വകുപ്പ് ദുരുപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് രാജ നിയമഭേദഗതി നിര്‍ദേശിച്ചത്. ക്രിമിനല്‍ നിയമങ്ങള്‍ സമഗ്രമായി ഭേദഗതി ചെയ്യുമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിക്കുന്നതായി രാജ വ്യക്തമാക്കി.