എഡിറ്റര്‍
എഡിറ്റര്‍
കെ.സുധാകരന്റെ വിവാദ പരാമര്‍ശം:ചെന്നിത്തലയുടെ നിലപാട് തെറ്റെന്ന് മുല്ലപ്പള്ളി
എഡിറ്റര്‍
Monday 18th February 2013 11:00am

തിരുവന്തപുരം: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.പി  കെ.സുധാകരന്റെ പ്രസ്താവന അറിഞ്ഞില്ലെന്ന കെ.പി.സി.സി പ്രസിഡണ്ട്‌ രമേശ് ചെന്നിത്തലയുടെ  നിലപാട് തെറ്റെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

സുധാകരന്റെ പ്രസംഗം അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞത് തെറ്റാണ്. അഭിപ്രായം പറയേണ്ടിടത്ത് ശക്തമായി തന്നെ പറയണം. സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് സുധാകരന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Ads By Google

കെ.സുധാകരന്‍ മസ്‌ക്കറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ  സൂര്യനെല്ലി പെണ്‍കുട്ടി നാട്  നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നും പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ലെന്നും സുധാകരന്‍ ആക്ഷേപിച്ചിരുന്നു.

വേശ്യവൃത്തി നടത്തി പണം വാങ്ങിയ ശേഷം പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ലെന്നും കെ.സുധാകരന്‍ എം.പി ഇന്നലെ പറഞ്ഞിരുന്നു.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും,സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞത് ശരിയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

സൂധാകരന്റെ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ  നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ തിരുത്തില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ശനിയാഴ്ച നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് തന്റെ പ്രസ്താവനയിലുറച്ച് നില്‍ക്കുന്നതായി സുധാകരന്‍ പറഞ്ഞത്.

സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ വയസ് പതിനാറാണെങ്കിലും സമ്മതത്തോടെ പുരുഷനോടൊപ്പം പോയാല്‍ ബലാത്സംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗവും വേശ്യാവൃത്തിയും രണ്ടും രണ്ടാണ്.സൂര്യനെല്ലി വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ കുടുംബം 17 വര്‍ഷമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഈ പ്രശ്‌നത്തില്‍ രണ്ട് ഭാഗവും കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ വിലയ്‌ക്കെടുക്കുന്നില്ലെന്നും ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ വി.എസ്സിന് നല്ല ചേലാണെന്നും, വി.എസ് അച്യുതാനന്ദന്‍ സ്വന്തം മകളെ ചാനലുകള്‍ തോറും കൊണ്ടുനടക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

Advertisement