കൂത്തുപറമ്പ്: രാഷ്ട്രീയം അഴിമതിക്കാരുടെ അഭയകേന്ദ്രമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയരംഗത്തുള്ളവരെല്ലാം അഴിമതിക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ മറ്റു മേഖലകളിലെന്നപോലെ രാഷ്ട്രീയത്തിലും അഴിമതിക്കാരുണ്ട് എന്നു കരുതി എല്ലാവരും അങ്ങനെയാവണമെന്നില്ല. കൂത്തുപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച എം.കെ സിദ്ദിഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്നു വരുത്തി തീര്‍ക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. അഴിമതിക്കെതിരേ ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. മുന്നണിബന്ധം പോലും നോക്കാതെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതിന്റെ ഫലമായാണ് മുന്‍ കേന്ദ്രമന്ത്രിമാരായ എ. രാജയും കനിമൊഴിയുമൊക്കെ ജയിലില്‍ പോകേണ്ടിവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി.കെ സതീശന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായവിതരണം നിര്‍വഹിച്ചു.