എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം; വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് മുല്ലപ്പള്ളി
എഡിറ്റര്‍
Sunday 23rd September 2012 11:10am

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads By Google

കേരള പോലീസിന്റെ അന്വേഷണം കാര്യക്ഷമമായി നടന്നതുകൊണ്ടാണ് താന്‍ അങ്ങനെ ആവശ്യപ്പെട്ടതെന്നും ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പയ്യോളിയിലെ മനോജിന്റെ കേസില്‍ പ്രതികള്‍ തന്നെയാണ് നുണ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷണത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.ബി.ഐ അന്വേഷണം തത്ക്കാലം ആവശ്യമില്ലെന്ന് കഴിഞ്ഞ ആഴ്ച മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി വധത്തിന്റെ ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ടി.പിയുടെ ഭാര്യ രമയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് പോലീസിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കേസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കേസ് സി.ബി.ഐ ഏറ്റെടുത്താല്‍ നിലവിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ എളുപ്പമാകുമെന്നും അതിനാല്‍ തന്നെ കേസ് അന്വേഷണം കൈമാറരുതെന്നുമായിരുന്നു പോലീസിന്റെ മറുപടി

Advertisement