എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ അറസ്റ്റിലായവര്‍ സി.പി.ഐ.എം പാലുകൊടുത്ത് വളര്‍ത്തിയ വിഷപ്പാമ്പുകള്‍: മുല്ലപ്പള്ളി
എഡിറ്റര്‍
Saturday 23rd June 2012 9:50am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ സി.പി.ഐ.എം പാലുകൊടുത്ത് വളര്‍ത്തിയ വിഷപ്പാമ്പുകളാണെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണത്തില്‍ നിന്നും  സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്.

പിണറായി നടത്തുന്നത് അസംബന്ധ നാടകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകന് പോലും ടി.പി വധത്തില്‍ പങ്കില്ലെന്നുമാണ് പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ അത്തരം പൊള്ളത്തരങ്ങള്‍ പിണറായിക്ക് ചുറ്റും നില്‍ക്കുന്ന ഉപജാപക സംഘങ്ങള്‍ മാത്രമേ വിശ്വസിക്കുള്ളു. കേരളത്തിലെ ജനങ്ങള്‍ക്ക് സത്യമറിയാം.

ടി.പി വധത്തില്‍ അറസ്റ്റിലാവുന്നത് മുഴുവന്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ്. എന്നിട്ടും പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുനടക്കുന്നത്.
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്.

അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസില്‍ ഉന്നതരുടെ ബന്ധം പുറത്തുവരാന്‍ പോകുന്നതേയുള്ളുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ താന്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വെള്ളംചേര്‍ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisement