എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: വന്‍സ്രാവുകള്‍ പിടിക്കപ്പെടുമെന്ന് മുല്ലപ്പള്ളി
എഡിറ്റര്‍
Friday 25th May 2012 11:20am

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിലെ വന്‍സ്രാവുകള്‍ പിടിക്കപ്പെടാന്‍ പോകുന്നതേയുള്ളൂയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റവാളികളെ പിടികൂടുന്നതു വരെ അടങ്ങിയിരിക്കാനാവില്ല. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്ത് ശക്തമായി നിലനില്‍ക്കണം എന്ന് കരുതുന്നയാളാണ് താനെന്നും എന്നാല്‍ കേരളത്തില്‍ ആ പ്രസ്ഥാനത്തെ നേതാക്കള്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി.പി വധത്തിന് ശേഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായിയുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിനുണ്ടായ പതര്‍ച്ച വ്യക്തമാകും.

പിണറായിയുടെ പ്രസംഗങ്ങളും പത്രപ്രസ്താവനകളും കണ്ടാല്‍ പാര്‍ട്ടി സെക്രട്ടറി വെപ്രാളപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാകും. പിണറായി കുറച്ചു സംയമനം പാലിക്കണം. എനിക്കെതിരേ വ്യക്തിഹത്യയ്ക്ക് പോലും മുതിരുകയാണ്.

എന്റെ അച്ഛനെക്കുറിച്ചുപോലും പിണറായി മോശം പരാമര്‍ശങ്ങള്‍ നടത്തി. എന്റെ അച്ഛന്‍ ഒറ്റുകാരനല്ലായിരുന്നു. മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ഒഞ്ചിയത്തെ നേതാക്കളുമായി മരണം വരെ സൗഹൃദം കാത്തുസൂക്ഷിച്ച ആളായിരുന്നു എന്റെ പിതാവ്. മുല്ലപ്പള്ളി വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. ഡി.ജി.പി മുതല്‍ താഴേത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥരോട് പോലും താന്‍ ഒരു നിര്‍ദേശവും നല്‍കിയതായി തെളിയിക്കാനാകില്ല. കേസ് സി.ബി.ഐയെ ഏല്‍പ്പിക്കാനും താന്‍ പറഞ്ഞിട്ടില്ല. സി.പി.ഐ.എമ്മില്‍ ഒരു ശുദ്ധിപ്രക്രിയയുടെ ആവശ്യമുണ്ടെന്നും അതാണ് ഇപ്പോള്‍ വി.എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement